മണ്ണിനടിയിൽ കുടുങ്ങിയ ജീവനായി തിരച്ചിൽ ആരംഭിച്ചിട്ട് ഇന്നേക്ക് ആറ് നാൾ. ഷിരൂരിലെ മണ്ണിടിച്ചിലിൽ അകപ്പെട്ട അർജുനായി കേരളം ഒന്നടങ്കം പ്രാർത്ഥനയിലും പ്രതീക്ഷയിലുമാണ്. രക്ഷാപ്രവർത്തനത്തിന്റെ സുവർണ നിമിഷങ്ങൾ പാഴാക്കി കളഞ്ഞ കർണാടക സർക്കാരിനെതിരെയും പൊലീസിനുമെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
ഇന്ത്യയിലെവിടെ ദുരന്തമുണ്ടായാലും ഓടിയെത്തുന്ന മലയാളി രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രായേലിയെ ദുരന്തമുഖത്തെത്തിച്ചതിന് പിന്നാലെ നാടകീയ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ലോറിയുടമ മനാഫിനെതിരെ കർണാടക പൊലീസിന്റെ വക കയ്യേറ്റശ്രമം, പിടിച്ചുവലി. കാർവാർ എസ്.പി മനാഫിന്റെ മുഖത്തടിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് എസ്പിയുടെ ഫേസ്ബുക്ക് പേജിൽ ‘റഡാറിനൊപ്പമുള്ള സെൽഫി’ പ്രത്യക്ഷപ്പെട്ടത്.
രക്ഷാപ്രവർത്തനം വിനോദമാക്കുന്ന നിലപാടാണ് സർക്കാരും പൊലീസും നടത്തുന്നതെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മനുഷ്യത്വം മരവിക്കുന്ന ഈ ചിത്രത്തിനെതിരെ വിമർശനം ഉയരുകയാണ്. കാർവർ എസ്പിയുടെ ഫേസ്ബുക്കിൽ മലയാളികൾ പൊങ്കാലയിടുകയാണ്. നിരവധി പേരാണ് പൊലീസിന്റെ വീഴ്ച തുറന്നുപറഞ്ഞിരിക്കുന്നത്. മനുഷ്യനാവടാ ആദ്യമെന്നും ഞങ്ങളടെ പിള്ളേരെ അടിക്കുവോയെന്നും ഉളുപ്പുണ്ടോയെന്നും തുടങ്ങി നിരവധി കമൻ്റുകളാണ് പോസ്റ്റിന് താഴെയുള്ളത്.

പൊലീസ് മാത്രമല്ല ഇത്തരത്തിൽ അലംഭാവം തുടരുന്നതെന്നും ഏറെ വേദനാജനകമാണ്. സംസ്ഥാനത്ത് ഇത്രയേറെ വലിയൊരു ദുരന്തം നടന്നിട്ടും ഇത്രയേറെ മനുഷ്യ ജീവനുകൾ പൊലിഞ്ഞിട്ടും മുഖ്യമന്ത്രി സിദ്ധരാമയ്യ അതൊന്നും അറിഞ്ഞിട്ടില്ല. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ പിറന്നാൾ ആഘോഷത്തിൻറെ തിരക്കിലാണ് അദ്ദേഹം. ഖർഗെയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രവും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടിട്ടുണ്ട്. 83 പിറന്നാൾ ആഘോഷിക്കുന്ന ഖർഗെയ്ക്ക് ആശംസകൾ എന്ന തലക്കെട്ടും നൽകിയിട്ടുണ്ട്.
ദുരന്ത പ്രദേശത്ത് ഇതുവരെ എത്താൻ സാധിക്കാതിരുന്ന അദ്ദേഹം വളരെ കൃത്യമായി ഖർഗെയ്ക്ക് പിറന്നാൾ വാഴ്‌ത്തുക്കളേകാൻ എത്തിയല്ലോയെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന ചോദ്യം. ഈ പോസ്റ്റിന്റെ കമൻ്റ് ബോക്സിലും മലയാളികൾ രോഷം പ്രകടിപ്പിച്ചിട്ടുണ്ട്. നിങ്ങളുടെ തെക്കേ അതിരിൽ കേരളമെന്നൊരു നാടുണ്ടെന്നും അവിടുത്തെ കാറ്റെങ്കിലുമൊന്ന് ഏറ്റിരുന്നെങ്കിൽ മനുഷ്യത്വം തൊട്ട് തീണ്ടിയേനെ, മനുഷ്യജീവന് പുല്ലുവില കൽപിക്കാത്ത കർണാടക സർക്കാർ രാജി വയ്‌ക്കണം എന്ന് തുടങ്ങിയ കമൻ്റുകളാണ് താഴെ വരുന്നത്.
ഇതിന് പുറമേ കേരളം കണ്ട എക്കാലത്തെയും വലിയ ദുരന്തങ്ങളെയും അത്ര തന്നെ രക്ഷാപ്രവർത്തനങ്ങളെയും മലയാളികൾ കർണാടക ഓർമിപ്പിക്കുന്നുണ്ട്, മാതൃകയാക്കാൻ നിർദ്ദേശിക്കുന്നുണ്ട്. കവളപ്പാറ,പെട്ടിമുടി ദുരന്തങ്ങളെയും അവയെ കേരളം സമീപിച്ച രീതികളെയും രക്ഷാപ്രവർത്തനവും മലയാളികൾ ഓർമപ്പെടുത്തുന്നു. ദേശീയപാതയിലല്ലാ മറിച്ച് ചെറുഗ്രാമങ്ങളിലാണ് അന്ന് ദുരന്തങ്ങൾ ഉണ്ടായത്. പല ഷിഫ്റ്റുകളാലായി രക്ഷാപ്രവർത്തനം നടത്താൻ കേരളത്തിന് സാധിച്ചു. സംസ്ഥാനത്തെ സംവിധാനങ്ങൾ അത്രത്തോളം മെച്ചപ്പെട്ടതാണെന്നും കേരളത്തിലാണ് സംഭവമെങ്കിൽ രണ്ടാം ദിനം അർജുൻ വീട്ടിലിരുന്ന് വാർത്ത കാണുമായിരുന്നു എന്നുവരെയുള്ള കമന്റുകളാണ് സമൂഹ മാദ്ധ്യമങ്ങളിൽ നിറയുന്നത്.
ദിവസം ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയിൽ മണ്ണിടിഞ്ഞ് വീണിട്ട് ഇത്രയും ദിവസങ്ങളായിട്ടും മണ്ണ് നീക്കാനോ ഉള്ളലകപ്പെട്ട ജീവനുകളെ രക്ഷപ്പെടുത്താനോ ശ്രമിച്ചില്ലെന്ന ചോദ്യം ബാക്കിയാവുകയാണ്. റോഡിലേക്ക് വീണ മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്ന് കുടുംബവും ആരോപിച്ചിരുന്നു. ഏകോപനത്തിലെ അലംഭാവവും സർക്കാരിന്റെ സമ്പൂർണ പരാജയവുമാണ് പുറത്തുവരുന്നതെന്ന് മലയാളികൾ പറയുന്നു.















