കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ ബാധിച്ച് മരണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശി 14-കാരനാണ് മരണത്തിന് കീഴടങ്ങിയത്. രണ്ട് ദിവസമായി അതീവഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ഇന്നലെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്നത്. പൂനെ വൈറോളജി ലാബിലെ സ്രവ പരിശോധന ഫലം പോസിറ്റീവായതോടെയാണ് കുട്ടിക്ക് നിപയാമെന്ന് സ്ഥിരീകരിച്ചത്. നേരത്തെ ചെള്ള് പനിയാണെന്ന സംശയമുണ്ടായിരുന്നു. കുട്ടിയുടെ മാതാപിതാക്കളും അമ്മാവനും സുഹൃത്തും നിരീക്ഷണത്തിലാണ്.
നിപാ പ്രോട്ടോക്കോൾ പ്രകാരമായിരിക്കും കുട്ടിയുടെ സംസ്‌കാരം നടക്കുകയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി. കുട്ടിയുമായി സമ്പർക്കമുള്ള 64 പേരാണ് ഹൈ റിസ്‌ക് പട്ടികയിലുള്ളത്. ഐസോലേഷനിൽ തുടരുന്ന ഇവരിൽ 4 പേർക്ക് നിപയാണെന്ന് സംശയമുണ്ട്. സ്ഥിരീകരിക്കുന്നതിനായി സ്രവം പരിശോധനയ്‌ക്ക് അയച്ചു. ഇവരിൽ ഒരാൾ ഐസിയുവിലാണെന്നും മന്ത്രി പറഞ്ഞു.
ഈ മാസം 10-നാണ് കുട്ടിക്ക് പനി ബാധിച്ചത്. ആദ്യം വീടിന് സമീപത്തെ സ്വകാര്യ ക്ലിനിക്കിലും പിന്നീട് പനി കുറയാതെ വന്നതോടെ അടുത്തുള്ള ആശുപത്രിയിലും ചികിത്സതേടി. അവിടെ നിന്നും ആരോഗ്യനില വഷളായതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജീവൻ നിലനിർത്താൻ വെന്റിലേറ്ററിന്റെ സഹായം വേണ്ടി വന്നതോടെ 19-ന് രാത്രിയോടെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. സ്രവ പരിശോധനാഫലം പോസ്റ്റീവായതിന് പിന്നായൊണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. സംസ്ഥാനത്ത് ഇതുവരെ 22 പേരാണ് നിപ ബാധിച്ച് മരിച്ചത്.