ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചിർബാസയിലുണ്ടായ മണ്ണിടിച്ചിൽ അകപ്പെട്ട് കേദാർനാഥ് തീർത്ഥാടകർ. അപകടത്തിൽ മൂന്ന് തീർത്ഥാടകർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കേദാർനാഥ് ട്രെക്കിംഗ് റൂട്ടിൽ ചിർബാസയ്‌ക്ക് സമീപം രാവിലെ 7:30 ഓടെയാണ് അപകടമുണ്ടായതെന്ന് രുദ്രപ്രയാഗ് ദുരന്തനിവാരണ ഓഫീസർ നന്ദൻ സിംഗ് രാജ്വാർ പറഞ്ഞു. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി.
കേദാർനാഥ് ട്രെക്കിംഗ് റൂട്ടിന് സമീപം കുന്നിൽ നിന്ന് കല്ലും മണ്ണും വീണ് തീർത്ഥാടകർക്ക് അപകടം സംഭവിച്ചെന്ന വാർത്ത വളരെ സങ്കടകരമാണ്. അപകട സ്ഥലത്ത് ദുരിതാശ്വാസ പ്രവർത്തനം നടക്കുന്നുണ്ട്. ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പരിക്കേറ്റവർക്ക് മികച്ച ചികിത്സാ സൗകര്യം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.
സ്ഥലത്ത് ദുരന്ത നിവാരണ സേനയുടെ രക്ഷാദൗത്യം പുരോഗമിക്കുകയാണ്. ട്രെക്കിംഗ് റൂട്ടിലേക്ക് മണ്ണും പാറകളും ഉരുണ്ടുവീണാണ് അപകടം ഉണ്ടായത്. മൃതദേഹങ്ങൾ ദുരന്ത നിവാരണ സേന പൊലീസിന് കൈമാറി. മണ്ണിടിച്ചിലിനെ തുടർന്ന് തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.















