മലയാളത്തിലെ ഗ്ലാമർ താരങ്ങളെപ്പറ്റി മനസ്സ് തുറന്ന് നടി മല്ലികാ സുകുമാരൻ. പൃഥ്വിരാജ് അടക്കമുള്ള നടന്മാരുടെ കോസ്റ്റ്യൂം സെൻസിനെ പറ്റിയുള്ള ചോദ്യത്തോട് വളരെ രസകരമായി മറുപടി പറയുകയായിരുന്നു നടി. ഷഷ്ടിപൂർത്തി കഴിഞ്ഞ സ്ത്രീകൾ മമ്മൂട്ടിയെ ഇപ്പോഴും സ്വപ്നം കണ്ടു കൊണ്ട് നടക്കുന്നുണ്ടെന്ന് താരത്തിന്റെ സൗന്ദര്യത്തെ പ്രശംസിച്ച് മല്ലിക സുകുമാരൻ പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ രസകരമായ മറുപടികൾ.
“മമ്മൂട്ടി, മോഹൻലാൽ ഇവരൊക്കെ ഗ്ലാമറാണ്. മമ്മൂട്ടിയുടെ കാര്യം പിന്നെ പറയേണ്ടതില്ല. ഷഷ്ടിപൂർത്തി കഴിഞ്ഞ പെണ്ണുങ്ങൾ ഇപ്പോഴും മമ്മൂട്ടിയെ ആലോചിച്ചു കൊണ്ട് ഇരിക്കുന്നുണ്ട്. പൃഥ്വിരാജിന്റെ ഗ്ലാമറിനെ പറ്റി പലരും പറയുന്നുണ്ട്. പക്ഷേ, ഗ്ലാമർ ഒക്കെ വരും പോകും. സുകുവേട്ടൻ ഒരുങ്ങി നടന്നിരുന്നെങ്കിൽ ഇതിലും നല്ല ഗ്ലാമർ ആയിരുന്നു. പക്ഷേ അദ്ദേഹം ഡബിൾ മുണ്ടും ഒരു സാധാ ഷർട്ടും ഒരു ചപ്പലും ഇട്ടായിരുന്നു നടക്കുന്നത്. വേഷം കെട്ടുന്നതിനോട് ഒരു താല്പര്യവും ഉണ്ടായിരുന്നില്ല”
“ഇപ്പോൾ കാലം മാറി. ഇടുന്ന ഷൂസിനും ബെൽറ്റിനും വരെ പ്രാധാന്യമുണ്ട്. ബോളിവുഡിൽ മാത്രമല്ല, തമിഴിലും മലയാളത്തിലും വരെ ഇതുണ്ട്. പൃഥ്വിരാജിന് ഏറ്റവും കമ്പം ഷൂസിനോടും വാച്ചിനോടുമാണ്. രാജുവിന്റെ വസ്ത്രം എടുക്കുന്നത് സുപ്രിയ തന്നെയാണ്”- മല്ലികാ സുകുമാരൻ പറഞ്ഞു.















