കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റ് വിൻഡോസ് തകരാറിലായതോടെ ലോകമെമ്പാടും പ്രതിസന്ധിയിലായിരുന്നു. ബാങ്കിംഗ് സേവനങ്ങൾ മുതൽ വ്യോമയാന മേഖല വരെ താളം തെറ്റി. ഈ ലോകത്തെ 8.5 മില്യൺ കമ്പ്യൂട്ടറുകളെയാണ് തകരാർ ബാധിച്ചത്. എന്നാൽ ചില വിൻഡോസ് കമ്പ്യൂട്ടറുകളെ തകരാർ ബാധിച്ചില്ല. പ്രത്യേകിച്ച് വീടുകളിൽ സ്ഥാപിച്ചിട്ടുള്ളവയൊക്കെ..
എന്തുകൊണ്ടാണ് ചില വിൻഡോസ് കമ്പ്യൂട്ടറുകളെ മാത്രം സാങ്കേതിക തകരാർ ബാധിച്ചത്?
കാരണം സൈബർ സെക്യൂരിറ്റി ഉറപ്പുവരുത്തുന്ന ക്രൗഡ്സ്ട്രൈക്ക് എന്ന സോഫ്റ്റ് വെയർ കമ്പനിക്കാണ് പിഴവ് സംഭവിച്ചത്. കമ്പ്യൂട്ടറുകൾ ഉപയോഗിക്കുന്ന വിവിധ സ്ഥാപനങ്ങൾക്ക് ക്ലൗഡ് സൊല്യൂഷനുകൾ നൽകുന്ന സൈബർ സുരക്ഷാ കമ്പനിയാണ് ക്രൗഡ്‌സ്ട്രൈക്ക്. ഹാക്കർമാരിൽ നിന്ന് സിസ്റ്റത്തെ സംരക്ഷിക്കുകയാണ് ക്രൗഡ്സ്ട്രൈക്കിന്റെ ജോലി.
ജൂലൈ 19ന് വിൻഡോസ് കമ്പ്യൂട്ടറുകൾക്ക് സെൻസർ കോൺഫിഗറേഷൻ അപ്ഡേറ്റ് ക്രൗഡ്സ്ട്രൈക്ക് നൽകി. റുട്ടീൻ ചെക്കപ്പിന്റെ ഭാഗമായിട്ടായിരുന്നു നടപടി. എന്നാൽ പുതിയ അപ്ഡേറ്റിൽ തകരാർ ഉണ്ടായിരുന്നതിനാൽ ഡൗൺലോഡ് ചെയ്ത കമ്പ്യൂട്ടറുകൾ ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് ആയി. പ്രശ്നം തിരിച്ചറിഞ്ഞ് പുതിയ അപ്ഡേഷൻ നൽകാൻ ക്രൗഡ്സ്ട്രൈക്ക് ശ്രമിച്ചെങ്കിലും അതിനിടെ നിരവധി വിൻഡോസ് കമ്പ്യൂട്ടറുകൾ ആദ്യം ലഭിച്ച അപ്ഡേറ്റ് ഡൗൺലോഡ് ചെയ്തിരുന്നു. ഇതോടെയാണ് വിൻഡോസ് നിലച്ചുപോയത്.
എന്തുകൊണ്ട് എല്ലാ വിൻഡോസും നിലച്ചില്ല? കാരണം ക്രൗഡ്സ്ട്രൈക്ക് ഉപയോഗിക്കുന്നത് കൂടുതലായും വലിയ ഐടി സ്ഥാപനങ്ങളാണ്. സൈബറാക്രമണം നേരിടാൻ സാധ്യതയുള്ളവരാണ് കൂടുതലായും സൈബർ സെക്യൂരിറ്റി ഉറപ്പുവരുത്താൻ ക്രൗഡ്സ്ട്രൈക്ക് ഉപയോഗിക്കുന്നത്. പൊതുവെ PCകൾ കേന്ദ്രീകരിച്ചുള്ള സൈബറാക്രമണം അപൂർവമായതിനാൽ സാധാരണക്കാർ ക്രൗഡ്സ്ട്രൈക്ക് ഉത്പന്നങ്ങൾ ഉപയോഗിക്കാറില്ല. അതുകൊണ്ട് ക്രൗഡ്സ്ട്രൈക്കിന് സംഭവിച്ച തകരാറിൽ നിന്ന് വിൻഡോസ് PCകൾ ഒഴിവായി.