തിരുവനന്തപുരം: നിപ ബാധിച്ച് മരിച്ച മലപ്പുറത്തെ 14 വയസ്സുകാരന്റെ സമ്പർക്കപ്പട്ടികയിലുള്ള 7 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. ഇതിൽ ആറുപേരും കുട്ടിയുടെ സുഹൃത്തുക്കളാണ്. 330 പേർ നിലവിലെ സമ്പർക്ക പട്ടികയിലുണ്ടെന്നും ഇതിൽ 68 പേർ ആരോഗ്യ പ്രവർത്തകരാണെന്നും ആരോഗ്യമന്ത്രി വീണ ജോർജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. 101 ഹൈ റിസ്ക് കേസുകളുണ്ട്. അതേസമയം നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീട്ടുകാർക്ക് രോഗലക്ഷണം ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന 68 കാരന്റെ പരിശോധനാഫലവും നെഗറ്റീവ് ആണ്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൂടുതൽപേർക്ക് രോഗലക്ഷങ്ങൾ ഇല്ലാത്തത് ആശ്വാസകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വീണ്ടും നിപ മരണം സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതായി ആരോഗ്യമന്ത്രി പറഞ്ഞു. മരിച്ച കുട്ടിയുടെ സ്വദേശമായ മലപ്പുറത്തെ പാണ്ടിക്കാടുള്ള പഞ്ചായത്തുകളിൽ ആരോഗ്യ പ്രവർത്തകർ വീടുകയറിയുള്ള സർവേ നടത്തി. നിലവിൽ രോഗലക്ഷണങ്ങളോടെ ഐസൊലേഷനിൽ കഴിയുന്നവർക്ക് വേണ്ട സഹായം പഞ്ചായത്തിന്റെ നേതൃത്വത്തിൽ എത്തിക്കും. ഹൈ റിസ്ക് മേഖലയിലെ പഞ്ചായത്തുകളിൽ 3 സ്കൂളുകളുണ്ട്. പ്ലസ് വൺ അലോട്ട്മെൻറ് നടക്കുന്നതിനാൽ ഈ സ്കൂളുകളിൽ സാമൂഹിക അകലം പാലിച്ച് നടപടിക്രമങ്ങൾ നടക്കുന്നു. കോൺടാക്ട് ലിസ്റ്റിലുള്ളവർ അലോട്ട്മെൻറ് ഉണ്ടെങ്കിൽ അവർ മുൻകൂട്ടി അറിയിക്കണം. പുറത്തിറങ്ങുന്നവർ N95 മാസ്ക് ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.
അതേസമയം പൂനെയിൽ നിന്നുള്ള മൊബൈൽ ലാബ് നാളെയെത്തും. നിപ പ്രതിരോധ പ്രവർത്തങ്ങളുടെ ഏകോപനത്തിന് കേന്ദ സംഘവും നാളെ കേരളത്തിലെത്തും. അടിയന്തര നടപടികൾ സ്വീകരിക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.















