നെയ്യാറ്റിൻകര: കുത്തിവപ്പെടുത്തതിനുപിന്നാലെ യുവതിമരിച്ച സംഭവത്തിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിക്കെതിരെ നാട്ടുകാരുടെയും രാഷ്‌ട്രീയ പാർട്ടികളുടെയും പ്രതിഷേധം. ചികിത്സാപ്പിഴവ് ആരോപിച്ചാണ് യുവതിയുടെ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിക്കുന്നത്. സംഭവത്തിന് കാരണക്കാരായ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യണമെന്നും കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും ബിജെപി പ്രവർത്തകർ ആവശ്യപ്പെട്ടു. ആശുപത്രിയിലേക്ക് നടത്തിയ കോൺഗ്രസ് പ്രവർത്തകരുടെ മാർച്ച് പൊലീസ് തടഞ്ഞു. നെയ്യാറ്റിൻകര ആശുപത്രിയിലെ ചികിത്സാപ്പിഴവിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അബോധാവസ്ഥയിൽ ചികിത്സയിലായിരുന്ന കാട്ടാക്കട സ്വദേശിനി കൃഷ്ണ രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.
ആശുപത്രി അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. മരണപ്പെട്ട കൃഷ്‌ണയുടെ 3 വയസുള്ള പെൺകുട്ടിയുടെ പഠനച്ചിലവ് മുഴുവൻ സർക്കാർ ഏറ്റെടുക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. തഹസിൽദാർ ഇത് രേഖാമൂലം എഴുതി നൽകണമെന്നും ജില്ലാ കളക്ടർ നേരിട്ടെത്തി വിഷയത്തിൽ ചർച്ച നടത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. വൈകുന്നേരം നാലുമണിമുതൽ തുടങ്ങിയ പ്രതിഷേധം ദേശീയപാതയ്‌ക്ക് സമീപത്തേക്കും നീങ്ങിയിട്ടുണ്ട്. തുടർന്ന് ദേശീയപാത ഉപരോധിച്ചുള്ള സമരത്തിലേക്ക് നീങ്ങുകയായിരുന്നു. നെയ്യാറ്റിൻകരയിലെ സിപിഎം എംഎൽഎ ആൻസലൻ വിഷയത്തിൽ ഇടപെടാത്തതും ജനരോഷം ഉയരാൻ കാരണമായിട്ടുണ്ട്.
കിഡ്‌നി സ്റ്റോൺ ചികിത്സയ്‌ക്കായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിയ യുവതിക്ക് നൽകിയ ഇഞ്ചക്ഷനെത്തുടർന്നാണ് ആരോഗ്യ നില മോശമായത്. 6 ദിവസമായി മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഇന്ന് രാവിലെയോടെ യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു. ചികിത്സാ പിഴവുണ്ടായെന്ന ഭർത്താവിന്റെ പരാതിയിൽ നെയ്യാറ്റിൻകര ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസെടുത്തിരുന്നു. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.