ന്യൂഡൽഹി: ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ പൈതൃക സംരക്ഷണത്തിന് യുനെസ്‌കോ വേൾഡ് ഹെറിറ്റേജ് സെന്ററിലേക്ക് ഇന്ത്യ ഒരു മില്യൺ ഡോളർ സംഭാവന നൽകുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോള പൈതൃക സംരക്ഷണം എന്നത് രാജ്യത്തിന്റെ ഉത്തരവാദിത്തമായാണ് ഇന്ത്യ കണക്കാക്കുന്നത്. ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ പൈതൃക സംരക്ഷണത്തിന് ഇന്ത്യയുടെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ യുനെസ്കോ ലോക പൈതൃക സമിതിയുടെ 46-ാം സെഷൻ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കംബോഡിയയിലെ അംഗോർവാത്ത്, വിയറ്റ്നാമിലെ ചാം ക്ഷേത്രങ്ങൾ, മ്യാൻമറിലെ ബഗൻ സ്തൂപ തുടങ്ങി ലോകത്തിലെ പലയിടങ്ങളിലുമുള്ള പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണത്തിന് ഇന്ത്യ സഹായം നൽകുന്നുണ്ട്. യുവ പ്രൊഫഷണലുകൾക്കായി ലോക പൈതൃക മാനേജ്മെന്റിന്റെ കീഴിൽ സർട്ടിഫിക്കറ്റ് കോഴ്‌സും ഇന്ത്യയിൽ ആരംഭിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പൈതൃക സംരക്ഷണത്തിന് ഒറ്റക്കെട്ടായി നിൽക്കണമെന്ന് അഭ്യർത്ഥിച്ച അദ്ദേഹം വികസനവും പൈതൃകവും ഒരുമിച്ചുകൊണ്ടുപോവുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു.
കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇന്ത്യ ആധുനിക വികസനത്തിന്റെ പുതിയ മാനങ്ങൾ സ്പർശിക്കുകയും അതോടൊപ്പം രാജ്യത്തിന്റെ പൈതൃകത്തിൽ അഭിമാനിക്കുകയുമാണ്. കാശിയിലെ വിശ്വനാഥ ക്ഷേത്രം, അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം, പുരാതന നളന്ദയിലെ ആധുനിക ക്യാമ്പസ് എല്ലാം ഈ നേട്ടങ്ങൾക്ക് ഉദാഹരണങ്ങളാണ്. ആയൂർവേദത്തിന്റെ ഗുണങ്ങൾ ലോകമെമ്പാടുമെത്തി. ഇന്ത്യയുടെ പൈതൃകം കേവലം ചരിത്രമല്ലെന്നും ശാസ്ത്രം കൂടിയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.