അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി ജോ ബൈഡൻ. “രാജ്യത്തിന്റെയും പാർട്ടിയുടെയും താത്പ്പര്യത്തിനെ മുൻനിർത്തിയാണ് പിന്മാറുന്നത്”–എന്നാണ് ബൈഡൻ പ്രഖ്യാപിച്ചത്. ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നും വലിയൊരു സമ്മർദ്ദം ബൈഡൻ നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം വ്യക്തമാക്കിയത്.
പ്രവർത്തനങ്ങളിൽ മികച്ച പിന്തുണയുമായി ഒപ്പമുണ്ടായിരുന്ന കമലാ ഹാരിസിന് അദ്ദേഹം നന്ദിയും പറഞ്ഞു. ഈ ആഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും വ്യക്തമാക്കി. പ്രായവും അനാരോഗ്യവും അദ്ദേഹത്തിന്റെ പിന്മാറ്റ തീരുമാനത്തിലേക്ക് വഴിതെളിച്ചതിൽ മുഖ്യഘടകമായി.
ജോർജ് ക്ലൂണിയും ബരാക് ഒബാമയും ബൈഡന്റെ പിന്മാറ്റം പരോക്ഷമായി ആവശ്യപ്പെട്ടിരുന്നു. കൂടാതെ ട്രംപുമായുള്ള സംവാദത്തിലെ പ്രകടനവും ജോ ബൈഡന്റെ പിന്മാറ്റം ആവശ്യപ്പെടുന്നവരുടെ എണ്ണം വർദ്ധിപ്പിച്ചിരുന്നു. സംവാദത്തിൽ പലപ്പോഴും ബൈഡന് മറവി വില്ലനായി വന്നിരുന്നു. ഇതിനിടെ കൊവിഡും ബാധിച്ചതും തിരിച്ചടിയായി.