പൂനെ: മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സഖ്യത്തെ രൂക്ഷമായി വിമർശിച്ച് അമിത് ഷാ. ഔറംഗസേബ് ഫാൻ ക്ലബ്ബ് ആയി മഹാവികാസ് അഘാഡി സഖ്യം മാറിയെന്നും ഉദ്ധവ് താക്കറെയാണ് അതിന്റെ തലവനെന്നും അമിത് ഷാ വിമർശിച്ചു. പൂനെയിൽ ബിജെപി സംസ്ഥാന കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
ഔറംഗസേബ് ഫാൻ ക്ലബ്ബിന് ഇന്ത്യയുടെ സുരക്ഷയിൽ ഒന്നും ചെയ്യാനാകില്ല. മഹാരാഷ്ട്രയെയോ ഇന്ത്യയെയോ സുരക്ഷിതമാക്കാൻ അവർക്ക് കഴിയില്ല. ബിജെപിക്ക് മാത്രമേ രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാകൂവെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. മുംബൈയിൽ ഭീകരാക്രമണം നടത്തിയ അജ്മൽ കസബിന് ബിരിയാണി കൊടുത്തവരുമായി സഖ്യമുണ്ടാക്കിയ നേതാവാണ് ഉദ്ധവ് എന്നും അമിത് ഷാ കുറ്റപ്പെടുത്തി.
1993 ലെ മുംബൈ സ്ഫോടന പരമ്പരിലെ പ്രതി യാക്കൂബ് മേമന് വേണ്ടി പലരും വാദിച്ചപ്പോൾ ബാൽ താക്കറെ ജനങ്ങൾക്കൊപ്പമായിരുന്നുവെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ പിന്തുണച്ച സക്കീർ നായിക്കിന് അവാർഡ് നൽകിയവരാണ് മഹാവികാസ് അഘാഡിയെന്നും അത്തരം ആളുകളുടെ കൂടെയാണ് ഉദ്ധവ് താക്കറെ ഇപ്പോൾ ഇരിക്കുന്നതെന്നും അമിത് ഷാ പരിഹസിച്ചു.
ശരദ് പവാർ അഴിമതിയുടെ തലവനാണ്. രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരനായ നേതാവാണ്. ഇക്കാര്യം പറയാൻ തനിക്ക് ഒരു സംശയവുമില്ലെന്നും രാജ്യത്തെ പല സർക്കാരുകളിലും അഴിമതിക്ക് കളമൊരുക്കിയത് ശരദ് പവാർ ആണെന്നും അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പുകളിൽ തെറ്റിദ്ധാരണ പരത്തി വിജയിക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും ഹരിയാനയിലും നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിടുന്നതോടെ രാഹുൽ ഗാന്ധിയുടെ അഹങ്കാരത്തിനും ശമനമുണ്ടാകുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. പാവങ്ങളുടെ ഉന്നമനത്തിനായി കോൺഗ്രസ് പാർട്ടി ഒന്നും ചെയ്യുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.