തിരുവനന്തപുരം: സർക്കാർ സേവനങ്ങൾക്ക് ഫീസ് കൂട്ടാൻ പിണറായി സർക്കാർ. എല്ലാ തരം സേവനങ്ങൾക്കും ഫീസുകൾ കൂട്ടാൻ ധനവകുപ്പ് മറ്റ് വകുപ്പുകൾക്ക് അനുമതി നൽകി. 26-ന് മുൻപ് അതത് വകുപ്പുകൾ ഉത്തരവിറക്കാനും ആവശ്യപ്പെട്ടു.
വിദ്യാർത്ഥികളെയും പട്ടികജാതി-വർഗ വിഭാഗങ്ങളെയും ബാധിക്കുന്ന ഫീസുകൾ കൂട്ടരുതെന്ന നിർദേശം നൽകിയിട്ടുണ്ട്. മറ്റിനങ്ങളിൽ ഏതിനൊക്കെ എത്ര കൂട്ടണമെന്ന് അതത് വകുപ്പ് മേധാവികൾക്ക് തീരുമാനിക്കാം. വകുപ്പുകളുടെ ഉത്തരവുകൾ ഇറങ്ങിയാലേ അധികബാധ്യത വ്യക്തമാകൂ. ആറു മാസത്തിനകം ഏതിനും വർദ്ധന വരുത്താം. പൊതുമേഖലാ സ്ഥാപനങ്ങളും സർക്കാരിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും ഫീസുകൾ കൂട്ടണം.
സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്നതിനിടെ വരുമാനം കൂട്ടാൻ മന്ത്രിസഭ തീരുമാനമെടുത്തിരുന്നു. ഇത് പ്രകാരമാണ് തീരുമാനം. കേന്ദ്രത്തെ പഴിച്ചിരുന്നാൽ ജനം തിരിയുമെന്ന് സർക്കാരിന് ബോധ്യം വന്നതോടെയാണ് കുടിശികയും മറ്റും തീർക്കാനായി ജനങ്ങളെ പിഴിഞ്ഞ് പണമുണ്ടാക്കാൻ സർക്കാർ പദ്ധതിയിടുന്നത്.















