ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിട്ട് 7 ദിവസം. ഇന്നലെ മുതൽ സൈന്യത്തിന്റെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. കരയിലും വെള്ളത്തിലും ഒരേ സമയമാണ് കരസേനയും നാവികസേനയും തിരച്ചിൽ നടത്തുന്നത്. അർജുനെ കണ്ടെത്താനായി ഗംഗാവലി പുഴയിലേക്കും നാവികസേന തിരച്ചിൽ വ്യാപിപ്പിച്ചു.
നാവികസേനയുടെ സ്‌കൂബ ഡൈവേസ് സംഘമാണ് ഗംഗാവലി പുഴയുടെ മദ്ധ്യഭാഗത്ത് പരിശോധന നടത്തുന്നത്. പുഴയിൽ രൂപപ്പെട്ടിരിക്കുന്ന മണൽത്തിട്ടയിലേക്ക് സ്‌കൂബ ഡൈവേസ് സംഘം എത്തിച്ചേർന്നതായാണ് റിപ്പോർട്ട്. 20 അടി താഴ്ചയിലുള്ള മണൽത്തിട്ടയ്‌ക്ക് അടിയിലായി ലോറി ഉണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. പെനട്രേറ്റിംഗ് റഡാർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് തിരച്ചിൽ. നേവിയും സൈന്യവും അത്യാധുനിക സംവിധാനങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭ്യമാകുന്ന മുറയ്‌ക്ക് പുഴയുടെ അടിത്തട്ടിലേക്ക് ഇറങ്ങാനാണ് ശ്രമം.
മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് അർജുൻ ഇല്ലായെന്ന് ഉറപ്പ് വരുത്താനാണ് ശ്രമിക്കുന്നത്. ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ സംവിധാനം ഉൾപ്പെടെയുള്ളവ എത്തിച്ചാകും സൈന്യം ഇന്ന് കരയിൽ രക്ഷാദൗത്യം നടത്തുക. ലോറി കരയിൽ തന്നെയുണ്ടാകുമെന്നാണ് രക്ഷാപ്രവർത്തകൻ രഞ്ജിത് ഇസ്രായേലിന്റെ അനുമാനം. റോഡിൽ മലയോട് ചേർന്നുള്ള ഭാഗത്ത് ലോറിയുണ്ടാകാൻ സാധ്യതയുണ്ടെന്നും സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇടയ്‌ക്കിടെ പെയ്യുന്ന മഴ രക്ഷാ പ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ടെന്ന് രഞ്ജിത് പറഞ്ഞു.