വാക്കു പറഞ്ഞാൽ അത് പാലിക്കുന്ന മനുഷ്യനാണ് സുരേഷ് ഗോപി എന്ന് മിമിക്രി താരം കണ്ണൻ സാഗർ. കൊറോണ സമയത്ത് ജോലിയൊന്നും ഇല്ലാതെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ച മിമിക്രി കലാകാരന്മാർക്ക് തണലായ വ്യക്തിയാണ് സുരേഷ് ഗോപി എന്നും ഇന്നും അദ്ദേഹം തന്റെ ശമ്പളത്തിൽ നിന്നും മാ സംഘടനയ്‌ക്ക് പണം കൈമാറുന്നുണ്ടെന്നും കണ്ണൻ സാഗർ പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സുരേഷ് ഗോപിയെ പറ്റി താരം മനസ്സ് തുറന്നത്.
“കൊറോണ സമയത്ത് ഷോ ഒന്നുമില്ലാതെ ഒരുപാട് കലാകാരന്മാർ ബുദ്ധിമുട്ടി. മിമിക്രിക്കാരുടെ അനുഭവങ്ങൾ അവർ പങ്കുവച്ചു. അതിൽ പലതും സുരേഷേട്ടൻ കണ്ടിരുന്നു. ആ സമയത്ത് ടിനി ടോമുമായി സംസാരിക്കുന്നതിനിടെ സുരേഷേട്ടൻ പറഞ്ഞു, ഞാൻ ചെറിയ ഒരു തുക മിമിക്രി കലാകാരന്മാർക്ക് വേണ്ടി തരാം. അത് ആർക്കെങ്കിലും പ്രയോജനപ്പെടട്ടെ. അഭിനയിക്കുന്ന സിനിമയിൽ നിന്നും 2 ലക്ഷം രൂപ മിമിക്രികലാകാരന്മാർക്ക് വേണ്ടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. അന്ന് തന്നെ 2 ലക്ഷം രൂപ സുരേഷേട്ടൻ കൊടുത്തു. മേം ഹൂ മൂസ എന്ന സിനിമയിൽ നിന്നു ലഭിച്ച തുകയിൽ നിന്നും അദ്ദേഹം നൽകി. അതിന് ഞാൻ സാക്ഷിയാണ്. ഇപ്പോൾതന്നെ നാലോ അഞ്ചോ പടങ്ങളിൽ നിന്ന് ലഭിച്ച തുക അദ്ദേഹം കൈമാറിയിട്ടുണ്ട്. കഴിഞ്ഞദിവസം ചേർന്ന ജനറൽ മീറ്റിങ്ങിലും 4 ലക്ഷം രൂപ മാ സംഘടനയ്‌ക്ക് സുരേഷേട്ടൻ നൽകി”.
“സഹായിക്കുന്ന ഒരുപാട് നടീനടന്മാർ ഉണ്ട്. അവർ അവരെക്കൊണ്ട് ആവുന്ന തരത്തിൽ ചെയ്യുന്നു. സുരേഷേട്ടനെ സംബന്ധിച്ച്, അദ്ദേഹം വാക്കു പറഞ്ഞാൽ അത് പാലിക്കുന്ന മനുഷ്യനാണ്. ഒരുപാട് പേരുടെ വിഷമങ്ങൾ പരിഹരിച്ചിട്ടുണ്ട്. നമുക്ക് നമ്മുടെ എന്ത് വിഷമവും പറയാം. മേം ഹൂ മൂസയുടെ പ്രമോഷന്റെ സമയത്ത് അതിലെ പല താരങ്ങൾക്കും ഷൂട്ടിംഗ് തിരക്കുകൾ കാരണം എത്താൻ കഴിഞ്ഞിരുന്നില്ല. ആ സമയത്ത് സുരേഷേട്ടനാണ് ഞങ്ങളെ വിളിക്കാൻ പറഞ്ഞത്. ശശാങ്കനെയും കണ്ണൻ സാഗറിനെ വിളിക്കാൻ അദ്ദേഹം പറഞ്ഞു. അങ്ങനെ ചേട്ടൻ പോയ എല്ലായിടത്തും അദ്ദേഹത്തിനൊപ്പം ഞങ്ങളും പോയി. സുരേഷേട്ടനെ പോലുള്ളവർ ഞങ്ങളുടെ പേര് പറയാൻ മനസ്സ് കാണിച്ചതു തന്നെ വലിയ കാര്യമാണ്”-കണ്ണൻ സാഗർ പറഞ്ഞു.