ആലപ്പുഴ: കുവൈറ്റിലെ അബ്ബാസിയ സൈഫ് ഫ്‌ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച നാലംഗ മലയാളി കുടുംബത്തിന്റെ മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിച്ചു. തലവടി നീരേറ്റുപുറം മുളയ്‌ക്കലിൽ മാത്യൂസ് വി. മുളയ്‌ക്കൽ (42), ഭാര്യ ലിനി എബ്രഹാം (37), മകൾ ഐറിൻ (14), മകൻ ഐസക് (9) എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലെത്തിച്ചത്. മൃതദേഹങ്ങൾ തിരുവല്ലയിലെ മെഡിക്കൽ മിഷൻ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ബുധനാഴ്ച വൈകുന്നേരം അഞ്ചിന് വിലാപയാത്രയോടെ മൃതദേഹങ്ങൾ നീരേറ്റുപുറത്തെ കുടുംബവീട്ടിൽ കൊണ്ടുവരും. തുടർന്ന് പൊതുദർശനം. വ്യാഴാഴ്ച രാവിലെ വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം ഒരുമണിക്ക് തലവടി മർത്തോമ്മ പള്ളി സെമിത്തേരിയിൽ സംസ്‌കാരം നടക്കും. കുടുംബാംഗങ്ങൾ ഉറങ്ങുന്നതിനിടെയാണ് ഫ്‌ലാറ്റിൽ തീപ്പിടിത്തമുണ്ടായത്. എസിയിൽ നിന്ന് തീപടർന്ന് ശ്വാസം മുട്ടി മരിച്ചെന്നാണ് പ്രഥമിക നിഗമനം. നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു അപകടം.
വാർത്താ ഏജൻസിയായ റോയിട്ടേഴ്സിലെ ജീവനക്കാരനാണ് മാത്യൂസ്. ലിനി നഴ്‌സായും ജോലി ചെയ്ത് വരികയായിരുന്നു. മക്കളുടെ സ്‌കൂൾ തുറക്കുന്നതിന് മുമ്പ ഒരുമാസത്തെ അവധിക്കാണ് കുടുംബം നാട്ടിലെത്തിയത്.















