കൊച്ചി: ഇന്ത്യൻ ഹോക്കിയിൽ മലയാളികളുടെ അഭിമാനതാരമായിരുന്ന പി.ആർ ശ്രീജേഷ് വിരമിക്കുന്നു. അന്താരാഷ്‌ട്ര മത്സരങ്ങളിൽ നിന്ന് വിരമിക്കുകയാണെന്ന് താരം സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് പ്രഖ്യാപിച്ചത്. അന്താരാഷ്‌ട്ര ഹോക്കിയിലെ അവസാന അദ്ധ്യായത്തിന്റെ വാതിൽപ്പടിയിലാണെന്ന് പറഞ്ഞുകൊണ്ടാണ് പിആർ ശ്രീജേഷിന്റെ സുദീർഘമായ കുറിപ്പ് തുടങ്ങുന്നത്. ഒളിമ്പിക്സോടെ കരിയറിന് ഫുൾസ്റ്റോപ്പ് ഇടുമെന്നാണ് പ്രഖ്യാപനം.
ജിവി രാജ സ്‌പോർട്‌സ് സ്‌കൂളിൽ നിന്ന് തുടങ്ങി ഇതുവരെയുളള തന്റെ യാത്രകൾ ജീവിതത്തെ തന്നെ നിർവ്വചിക്കുന്നതായിരുന്നുവെന്ന് ശ്രീജേഷ് ചൂണ്ടിക്കാട്ടുന്നു. എന്റെ ഹൃദയം നന്ദിയും കടപ്പാടും കൊണ്ട് വിങ്ങുകയാണെന്ന് ശ്രീജേഷ് കുറിച്ചു. പാകിസ്താനുമായി ഇഞ്ചോടിഞ്ച് പൊരുതി ഷൂട്ടൗട്ടിലൂടെ നേടിയ ആദ്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഉൾപ്പെടെ ജീവിതത്തിലെ ചരിത്ര നിമിഷങ്ങളാണെന്ന് ശ്രീജേഷ് പറയുന്നു.
ഒളിമ്പിക്‌സിൽ ഇന്ത്യൻ ടീമിനെ നയിക്കുകയെന്നത് വാക്കുകൾക്ക് അതീതമായി അഭിമാനം നൽകുന്ന കാര്യമാണെന്നും ശ്രീജേഷ് പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ടതും അംഗീകാരമാണ്.
2020 ടോക്കിയോ ഒളിമ്പിക്‌സിൽ നേടിയ വെങ്കല മെഡൽ സ്വപ്‌നനേട്ടമായിരുന്നുവെന്നും താരം കുറിച്ചു. ഏറെ അഭിമാനത്തോടെയാണ് കരിയറിൽ തിരിഞ്ഞുനോട്ടം നടത്തുന്നത്. കുടുംബത്തിൽ നിന്നും സഹതാരങ്ങളിൽ നിന്നും പരിശീലകരിൽ നിന്നും ആരാധകരിൽ നിന്നും സ്‌നേഹത്തിനും പിന്തുണയ്‌ക്കും എന്നും കടപ്പെട്ടിരിക്കുമെന്നും താരം പറഞ്ഞു.