ന്യൂഡൽഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ പ്രതിവർഷം 78.51 ലക്ഷം തൊഴിലുകൾ കാർഷികേതര മേഖലകളിൽ സൃഷ്ടിക്കപ്പെടണമെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്. ജനസംഖ്യ കുതിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തൊഴിൽ മേഖലയിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 8 ദശലക്ഷത്തോളം തൊഴിലുകൾ പ്രതിവർഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ സൃഷ്ടിക്കപ്പെടണമെന്നാണ് ധനമന്ത്രി അവതരിപ്പിച്ച സാമ്പത്തിക സർവേ റിപ്പോർട്ടിൽ പറയുന്നത്. ഇപിഎഫ്ഒയ്‌ക്ക് കീഴിൽ ചേർക്കപ്പെട്ട അക്കൗണ്ടുകൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇരട്ടിയയി. തൊഴിൽ മേഖലയിലെ ആരോഗ്യപരമായ വളർച്ചയാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിലാകെ ഏകദേശം 56.6 കോടി തൊഴിലാളികളാണ് നിലവിലുള്ളത്. ഇതിൽ 45 ശതമാനവും കാർഷിക മേഖലയിലാണ്. 11.4 ശതമാനമാളുകളാണ് ഉത്പാദക മേഖലയിലുള്ളത്. 28.9 ശതമാനം പേർ വിവിധ സേവന മേഖലകളിലും 13 ശതമാനമാളുകൾ നിർമാണ മേഖലയിലും ജോലി ചെയ്യുന്നു. കഴിഞ്ഞ് ആറ് വർഷത്തിനിടെ ഇന്ത്യയിൽ തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം വൻതോതിൽ ഉയർന്നിട്ടുണ്ട്. 2017-18ലെ 23.3 ശതമാനത്തിൽ നിന്ന് 2022-23ൽ 37 ശതമാനമായി ഉയർന്നു. പ്രധാനമായും ഗ്രാമീണ മേഖലയിൽ നിന്നുള്ള സ്ത്രീകളുടെ പങ്കാളിത്തമാണ് വർദ്ധിച്ചുവരുന്നത്. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറയുകയും ചെയ്തിട്ടുണ്ട്. 2022-23ൽ തൊഴിലില്ലായ്മ നിരക്ക് 3.2 ശതമാനമായി കുറഞ്ഞു. മഹാമാരി സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് ഇന്ത്യയിലെ നഗര-ഗ്രാമ പ്രദേശങ്ങൾ മുക്തമായെന്നും തൊഴിൽ മേഖലകളിലെ സാധ്യതകൾ പഴയപടിയായെന്നും സാമ്പത്തിക സർവേ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.