തിരുവനന്തപുരം: പാരിസ് ഒളിമ്പിക്സിന് യോഗ്യത നേടിയ താരങ്ങൾക്ക് അന്യസംസ്ഥാനങ്ങൾ ലക്ഷങ്ങളുടെ പാരിതോഷികങ്ങൾ പ്രഖ്യാപിച്ചപ്പോൾ മലയാളി താരങ്ങൾക്ക് നയാ പൈസ നൽകിയില്ല കേരള സർക്കാർ. ഒന്ന് അഭിനന്ദിക്കുക പോലും ചെയ്തില്ല എന്നതാണ് മറ്റൊരു സത്യം. കേരളത്തിന് അഭിമാനമാകുന്ന ഏഴുപേരാണ് ഒളിമ്പിക്സിന് യോഗ്യത നേടിയത്. ഇതിൽ ഒരാൾ ഇന്ത്യയുടെ ഗോൾവല കാക്കുന്ന പി.ആർ ശ്രീജേഷാണ്. താരം ഇന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തു. തിരുവനന്തപുരത്തുകാരനും ബാഡ്മിൻ്റൺ താരവുമായ എച്ച്.എസ് പ്രണോയി ആണ് മറ്റൊരാൾ. താരത്തിന്റെ ആദ്യ ഒളിമ്പിക്സാണിത്.
ട്രിപ്പിള്‍ ജമ്പ് താരം അബ്ദുല്ല അബൂബക്കറാണ് മറ്റൊരു താരം.ഇന്ത്യന്‍ പുരുഷ റിലേ ടീം താരങ്ങളായ നാല് പേരാണ് ടീമിലെ മറ്റുള്ളവര്‍. മുഹമ്മദ് അജ്മല്‍, അമോജ് ജേക്കബ്, മിജോ ചാക്കോ കുര്യന്‍ എന്നിവരാണ് ആ താരങ്ങള്‍. അതേസമയം മിജോ ചാക്കോ കുര്യന് അഞ്ചു ലക്ഷം രൂപ കർണാടക സർക്കാർ നൽകി. താരം കർണാടയക്ക് വേണ്ടിയാ് ദേശീയ തലത്തിൽ മത്സരിക്കുന്നത്. ഒളിമ്പിക്സിന് അബ്ദുല്ലയ്‌ക്കൊപ്പം യോഗ്യത നേടിയ ട്രിപ്പിള്‍ ജമ്പ് താരം പ്രവീൺ ചിത്രവേലിന് ഏഴ് ലക്ഷം രൂപയാണ് തമിഴ്നാട് സർക്കാർ നൽകിയത്.
താരങ്ങൾക്ക് മഹാരാഷ്‌ട്രയാണ് കൂടുതൽ പ്രോത്സാഹന സമ്മാനം നൽകിയത്. 50 ലക്ഷം രൂപ, തൊട്ടുപിന്നാലെ ഹരിയാന 30 ലക്ഷവും പഞ്ചാബ് 25 ലക്ഷവും ഒഡീഷ 15 ലക്ഷവും നൽകി. അപ്പോഴാണ് കേരളം ഒന്ന് അഭിനന്ദിക്കുക പോലും ചെയ്യാതെ നമ്മുടെ സ്വന്തം താരങ്ങളെ യാത്രയാക്കുന്നത്.