—ആർ.കെ രമേഷ്—
പറാട്ട് രവീന്ദ്രൻ ശ്രീജേഷ് എന്ന ഇന്ത്യൻ ഹോക്കി ടീമിന്റെ കവലാൾ, നീണ്ട 19 വർഷത്തെ കരിയറിനാെടുവിൽ ഹോക്കി സ്റ്റിക് താഴെവയ്‌ക്കാനൊരുങ്ങുമ്പോൾ അതുവരെയും കാത്ത ഗോൾവല നിറയുന്നത് എണ്ണിയാലൊടുങ്ങാത്ത പുരസ്കാരങ്ങളും അനുമോദനങ്ങളും കൊണ്ടാണ്. ഇതുവരെ കളിച്ച 328 മത്സരങ്ങളിൽ ശ്രീജേഷ് ഇന്ത്യയുടെ വൻമതിലായി. ജിവി രാജ കായിക സ്കൂളിന്റെ മുറ്റത്ത് നിന്നാണ് ശ്രീജേഷിന്റെ യാത്ര തുടങ്ങുന്നത്. 2000 ൽ ആണ് ശ്രീജേഷ് ജി.വി.രാജ സ്കൂളിലെത്തുന്നത്. അത്ലറ്റിക് വിഭാഗത്തിലാണ് പ്രവേശിച്ചതെങ്കിലും പിന്നീട് ഹോക്കി ഗോളിയായത് ചരിത്രം. ഏതൊരു സാധാരണ കുടുംബത്തെയും പോലെ ധനം തന്നെയായിരുന്നു ശ്രീജേഷിന്റെ സ്വപ്നങ്ങൾക്കും അതിർവരമ്പുകൾ തീർത്തത്. കൃഷിക്കാരനായ അച്ഛൻ പി.ആർ രവീന്ദ്രനെ സഹായിക്കാൻ പാടം ഉഴാനും കൊയ്യാനും മെതിക്കാനുമൊക്കെ ശ്രീജേഷ് ഒപ്പം കൂടുമായിരുന്നു.
തന്റെ ആദ്യ ഹോക്കി കിറ്റ് വാങ്ങാൻ പിതാവ് രവീന്ദ്രന് ഉപജീവന മാർഗമായിരുന്ന കറവ പശുവിനെ വിൽക്കേണ്ടി വന്ന കഥയും ശ്രീജേഷ് തന്നെയാണ് വിരമിക്കൽ പ്രഖ്യാപനത്തിലൂടെ പറഞ്ഞത്. പിതാവിന്റെ ത്യാഗവും കരുതലുമാണ് പിന്നീടുള്ള യാത്രയ്‌ക്ക് ശ്രീജേഷിന് കരുത്തായത്. 2006-ലാണ്ശ്രീജേഷ് ഇന്ത്യയുടെ നീലക്കുപ്പായത്തിൽ ആദ്യമായി ഗോൾവലയുടെ കാവലാളാകുന്നത്. പിന്നീടിങ്ങോട്ട് ലോകം കണ്ടത് കഠിനാദ്ധ്വാനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും നേർസാക്ഷ്യം.
2011 ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യക്ക് കിരീടം സമ്മാനിച്ചത് ഈ കിഴക്കമ്പലംകാരന്റെ പ്രതിരോധമായിരുന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഗോൾരഹിതമായിരുന്ന മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നു. ഹസീം അബ്ദുൾ ഖാന്റെയും ഷഫ്ഖത് റസൂലിന്റെയും ഷോട്ടുകൾ തടഞ്ഞിട്ട് ശ്രീജേഷ് ഇന്ത്യയുടെ ഹീറോയാവുകയായിരുന്നു. 2014 ൽ ഇന്ത്യക്ക് 16 വർഷത്തിന് ശേഷം ആദ്യ ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ സമ്മാനിക്കുന്നതിലും ശ്രീജേഷിന്റെ കൈയൊപ്പുണ്ടായിരുന്നു. അന്നും ഷൂട്ടൗട്ടിൽ പാകിസ്താൻ തന്നെ എതിരാളികൾ രണ്ടു കിക്കുകൾ തടുത്തിട്ട് ശ്രീജേഷ് ഇന്ത്യയുടെ അഭിമാനമുയർത്തി. പിന്നീട് ഇങ്ങോട്ട് ഇന്ത്യക്ക് നിരവധി കിരീടങ്ങൾ സമ്മാനിക്കുന്ന അത്ഭുത പ്രകടനം കേരള താരത്തിൽ നിന്നുണ്ടായി.
മൂന്നു തവണ ഒളിമ്പിക്സിൽ ഇന്ത്യൻ കുപ്പായമണിഞ്ഞു ( ലണ്ടൻ, റിയോ, ടോക്കിയോ) ടോക്കിയോയിൽ വെങ്കലം നേട്ടം. പാരിസിലെ നാലാം ഒളിമ്പിക്സിനൊരുങ്ങുന്ന ശ്രീജേഷിന് വേണ്ടി സ്വർണം കാെയ്യാൻ കച്ചക്കെട്ടിയാണ് ഇന്ത്യൻ ടീം പോകുന്നത്.മൂന്ന് തവണ കോമൺവെൽത്ത് ഗെയിംസിന്റെ ഭാഗമായി( രണ്ടു തവണ വെള്ളി നേടി).നാല് ഹോക്കി ലോകകപ്പുകളിൽ ഭാഗമായപ്പോൾ മൂന്ന് തവണ ഏഷ്യൻ ഗെയിംസിലും പങ്കെടുത്തു.(രണ്ടു ഗോൾഡും ഒരു സിൽവറും). രണ്ടുതവണ ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ടു(2020-21,2021-22) ഹോക്കി ഇന്ത്യയുടെ മികച്ച ഗോൾകീപ്പറായത് മൂന്ന് തവണ(2014,2021,2023). ഹോക്കി ഇന്ത്യയുടെ ബെൽജിത് സിംഗ് അവാർഡ് 2015 ൽ നേടി.2015ൽ അർജുന അവാർഡ്, 2017-ൽ പദ്മശ്രീയും 2021ൽ രാജ്യം ഖേൽരത്ന പുരസ്കാരവും നൽകി ആദരിച്ചു.