ഭാരത സർക്കാരിന്റെ ബജറ്റ് സാധാരണഗതിയിൽ കേന്ദ്ര ധനമന്ത്രിമാരാണ് അവതരിപ്പിക്കുക. എന്നാൽ രാജ്യത്തിന്റെ ചരിത്രത്തിൽ പല പ്രധാനമന്ത്രിമാരും ബജറ്റവതരണം എന്ന ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിൽ ആദ്യമായി പ്രധാനമന്ത്രിക്ക് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനുള്ള ചുമതല വന്നത് 1958 ലാണ്. 1957 നിലവിൽ വന്ന മൂന്നാം നെഹ്‌റു മന്ത്രിസഭയിൽ ടി ടി കൃഷ്ണമാചാരി ആയിരുന്നു ധനകാര്യമന്ത്രി. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വലിയ സാമ്പത്തിക അഴിമതിയായ മുന്ദ്ര കേസിൽ കുടുങ്ങി കൃഷ്ണമാചാരി പുറത്തായി. കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ 1958 ഫേബ്രിവാരി 13 നാണ് അദ്ദേഹം രാജി വെച്ചത്. ധനമന്ത്രി രാജിവച്ചതോടെ ബജറ്റവതരണത്തിന്റെ ചുമതല ജവഹർലാൽ നെഹ്‌റുവിന്റെ ചുമലിലായി. അന്ന് വിദേശകാര്യം, ആണവോർജം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന നെഹ്‌റു, ധനകാര്യ മന്ത്രാലയത്തിന്റെ അധിക ചുമതല ഏറ്റെടുക്കുകയും 1958 ഫെബ്രുവരി 28-ന് ബജറ്റ് അവതരിപ്പിക്കുകയും ചെയ്തു,. അങ്ങനെ നെഹ്‌റു ബജറ്റവതരിപ്പിച്ച ആദ്യത്തെ പ്രധാനമന്ത്രിയായി.
അടുത്ത ഊഴം ഇന്ദിരാ ഗാന്ധിക്കായിരുന്നു. അവരുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ മന്ത്രിസഭ 1967 മുതൽ 1971 വരെ നിലവിലിരുന്നു.1969 ജൂലൈ വരെ ഇന്ദിരാഗാന്ധി സർക്കാരിൽ ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായി മൊറാർജി ദേശായി സേവനമനുഷ്ഠിച്ചു. എന്നാൽ മൊറാർജിയെ ഏതു വിധേനയും ഒതുക്കാൻ തക്കം പാർത്തിരുന്ന ഇന്ദിരാ ഗാന്ധി അദ്ദേഹത്തിൽ നിന്ന് ധനകാര്യ വകുപ്പ് ഏറ്റെടുക്കുകയും ഉപപ്രധാനമന്ത്രിയായി തുടരാൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. ആത്മാഭിമാനം വ്രണപ്പെട്ട ദേശായി ഗാന്ധി മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു. അങ്ങിനെ മൊറാർജിയെ പുകച്ച് പുറത്ത് ചാടിച്ചതിന്റെ ഫലമായി ധനകാര്യ മന്ത്രി കൂടിയായി മാറിയ ഇന്ദിരാ ഗാന്ധി 1970-71 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു.
ഏതാണ്ട് സമാനമായ സാഹചര്യം വന്നത് രാജീവ് ഗാന്ധി സർക്കാരിന്റെ കാലത്താണ്. 1984 ൾ ഇന്ദിരാ ഗാന്ധിയുടെ മരണ ശേഷം ഉണ്ടായ സഹതാപ തരംഗത്തിൽ വൻ വിജയം നേടിയ കൊണ്ഗ്രെസ്സ് രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ രൂപീകരിച്ച സർക്കാരിൽ വി പി സിംഗായിരുന്നു ധനകാര്യമന്ത്രി. നികുതിവെട്ടിപ്പുകാരെ കണ്ടെത്താനായി ധനമന്ത്രാലയത്തിന്റെ ഭാഗമായ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന് അദ്ദേഹം അസാധാരണമായ അധികാരങ്ങൾ നൽകി. അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായി അടുപ്പമുള്ള ബിസിനെസ്സുകാരുടെ നികുതിവെട്ടിപ്പിന്റെ കേസുകൾ ഈഡി അന്വേഷിക്കാൻ തുടങ്ങിയതിനെത്തുടർന്ന് വി പി സിംഗിനെ പുകച്ചു പുറത്തു ചാടിക്കാൻ രാജീവ് ഗാന്ധി കരുക്കൾ നീക്കി. ഒടുവിൽ ബൊഫോഴ്‌സ് അഴിമതി പുറത്തു വന്നതിനെത്തുടർന്ന് 1987-ൽ വി പി സിങ് രാജി വെച്ചു. ശേഷം 1987-89 കാലത്ത് രാജീവ് ഗാന്ധി ബജറ്റ് അവതരിപ്പിച്ചു.
അങ്ങിനെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ധനകാര്യമന്ത്രിക്ക് പകരം പ്രധാനമന്ത്രി ബജറ്റ് അവതരിപ്പിച്ച ഓരോ ഘട്ടത്തിലും അഴിമതിയുടെയോ ഗ്രൂപ്പുകളിയുടെയോ കഥ പറയാനുണ്ട്. അതിന്റെ ഒരറ്റത്ത് നെഹ്‌റു കുടുംബത്തിലെ ഒരംഗവുമുണ്ട്.