വല്ലാത്തൊരു വിവാഹവും വിവാഹമോചനവുമാണ് കുവൈറ്റിൽ നടന്നത്. വിവാഹത്തിന് മൂന്ന് മിനിട്ടിന് പിന്നാലെ ഡിവോഴ്സും നേടി ദമ്പതികൾ ചരിത്രം സൃഷ്ടിച്ചു. കോടതി വിവാഹം പൂർത്തിയായി നിമിഷങ്ങൾക്കകമാണ് കുവൈറ്റിലെ ദമ്പതികൾ വേർപിരിഞ്ഞത്.
വിവാഹത്തിന്റെ നടപടികൾ പൂർത്തിയാക്കി കോടതിയിൽ നിന്ന് മടങ്ങുന്നതിനിടെ വധു കാൽവഴുതി നിലത്തു വീണു. ഇതിനിടെ വരൻ യുവതിയെ മണ്ടിയെന്ന് വിളിച്ച് കളിയാക്കി. ഇതോടെയാണ് വിവാഹം ഡിവോഴ്സിൽ കലാശിച്ചത്.വരന്റെ കളിയാക്കൽ കേട്ട് ദേഷ്യപ്പെട്ട യുവതി ഉടനെ നിലത്തുനിന്ന് എഴുന്നേറ്റ് ജഡ്ജിയോട് വിവാഹം റദ്ദാക്കാൻ ആവശ്യപ്പെടുകയായിരുന്നു.
യുവതിയുടെ ആവശ്യം അംഗീകരിച്ച ജഡ്ജി മൂന്ന് മിനിട്ടിന് ശേഷം വിവാഹം അസാധുവുമാക്കി. വിവാഹമോചനവും അനുവദിച്ചു. രാജ്യത്തെ ഏറ്റവും ദൈർഘ്യം കുറഞ്ഞ വിവാഹം എന്ന റെക്കോർഡാണ് ഇതോടെ പിറന്നത്. ഇൻഡി100 ലാണ് ഇതുസംബന്ധിച്ച വാർത്തകൾ പ്രചരിച്ചത്.















