ഒളിമ്പിക്‌സിൽ വ്യക്തിഗത മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരനായ അഭിനവ് ബിന്ദ്രയ്ക്ക് അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയുടെ പരമോന്നത ആദരം. കായിക മാമാങ്കത്തിലെ മികച്ച സംഭവാനകൾ പരിഗണിച്ചാണ് ഒളിമ്പിക്‌സ് ഓർഡർ നൽകി ആദരിക്കുന്നത്. പാരിസിൽ ഓഗസ്റ്റ് 10-ന് നടക്കുന്ന ഐഒസി സെഷനിൽ വെച്ച് ബിന്ദ്രയ്‌ക്ക് പുരസ്‌കാരം സമ്മാനിക്കും. അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ബോർഡിന്റേതാണ് തീരുമാനം. അംഗീകാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് താരം പ്രതികരിച്ചു. ഒളിമ്പിക്‌സ് ഓർഡർ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് അഭിനനവ് ബിന്ദ്ര.
അതേസമയം, സുപ്രധാന നേട്ടത്തിന് പിന്നാലെ കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യ ഉൾപ്പെടെയുള്ള പ്രമുഖർ അഭിനവ് ബിന്ദ്രയെ അഭിനന്ദിച്ചു. ഒളിമ്പിക്‌സ് ഓർഡർ പുരസ്‌കാരം ലഭിച്ച അഭിനവ് ബിന്ദ്രയ്‌ക്ക് അഭിനന്ദനങ്ങൾ. അർഹതയ്‌ക്കുള്ള അംഗീകാരമാണിതെന്നും രാജ്യത്തിന് അഭിമാനമാണെന്നും കേന്ദ്ര കായികമന്ത്രി എക്‌സിൽ കുറിച്ചു. രാജ്യത്തെ ഷൂട്ടർമാർക്കും വളർന്നു വരുന്ന ഒളിമ്പ്യൻമാർക്കും അദ്ദേഹം പ്രചോദനമാണെന്നും മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
2008-ലെ ബീജിംഗ് ഒളിമ്പിക്‌സിൽ 10 മീറ്റർ ഷൂട്ടിംഗിലാണ് ബിന്ദ്ര സ്വർണം സ്വന്തമാക്കിയത്. ഒളിമ്പിക്‌സ് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യത്തെ വ്യക്തിഗത സ്വർണ മെഡൽ നേട്ടമാണിത്. ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട് ഇപ്പോൾ പാരീസിലാണ് അഭിനവ് ബിന്ദ്രയുള്ളത്.















