ബെംഗളൂരു: അർജുനെ കണ്ടെത്താനായുള്ള തിരച്ചിലുമായി കർണാടക സഹകരിക്കുന്നില്ലെന്ന് രഞ്ജിത്ത് ഇസ്രായേൽ. കരയിൽ 80 ശതമാനം ഭാഗത്തെ മണ്ണ് നീക്കിയുള്ള പരിശോധന മാത്രമാണ് പൂർത്തിയായതെന്നും, പൊലീസും ജില്ലാ ഭരണകൂടവും സഹകരിക്കുന്നില്ലെന്നും രഞ്ജിത്ത് പറഞ്ഞു. രക്ഷാദൗത്യത്തിനായി ആവശ്യപ്പെടുന്ന മെഷീനുകൾ നൽകാൻ ഇവർ തയ്യാറാകുന്നില്ല. അർജുനായുള്ള തിരച്ചിൽ ശരിയായ ദിശയിൽ ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
”ഒരു ദിവസം കൊണ്ട് തീർക്കേണ്ട പണി രണ്ട് ദിവസമെടുത്താണ് തീർക്കുന്നത്. അർജുനെ കാണാതായി 5-ാം ദിവസം 3 മണിക്കാണ് താൻ സ്ഥലത്തെത്തുന്നത്. അന്ന് തന്നെ കർണാടക പൊലീസ് തടഞ്ഞു. കളക്ടറുടെ പ്രത്യേക അനുമതി വാങ്ങിയാണ് രക്ഷാദൗത്യത്തിൽ പങ്കാളിയായത്. വ്യക്തമായ ചിത്രങ്ങളോ എന്താണ് ചെയ്തതെന്നോ പറയാൻ പൊലീസ് തയ്യാറായില്ല. എത്രത്തോളം മണ്ണ് നീക്കം ചെയ്‌തെന്ന് അറിയില്ല. അർജുനെ കണ്ടെത്താനായി ക്ഷമിച്ച് നിൽക്കുകയാണ്. ട്രക്ക് കണ്ട് പിടിക്കലാണ് എന്റെ ദൗത്യം. അല്ലാതെ കർണാടകയുടെ വനഭൂമിയോ പൊലീസ് ഹെഡ് ക്വാർട്ടേഴസോ അല്ല തകർക്കുന്നത്. ബോറിംഗ് മെഷീൻ ലഭിച്ചാൽ രക്ഷാദൗത്യം കൂടുതൽ വേഗത്തിൽ നടക്കും”. രഞ്ജിത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.
രഞ്ജിത്ത് ഇസ്രായേലിനെ രക്ഷാദൗത്യത്തിന്റെ ഭാഗമാക്കുന്നതിന് വേണ്ടി എന്നും കർണാടക പൊലീസുമായി വാക്കേറ്റത്തിൽ ഏർപ്പെടേണ്ടി വരികയാണെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു. അപകട സ്ഥലത്ത് നിന്ന് ഒരു മൃതദേഹം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.