ന്യൂഡൽഹി: ബജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി ധനമന്ത്രി നിർമലാ സീതാരാമൻ. പാർലമെന്റിലേക്ക് പോകുന്നതിന് മുൻപാണ് ധനമന്ത്രി രാഷ്‌ട്രപതി ഭവനിലെത്തിയത്.
കേന്ദ്രബജറ്റ് 2024-25നെക്കുറിച്ച് ചർച്ച ചെയ്തതിന് ശേഷം നിർമലാ സീതാരാമന് രാഷ്‌ട്രപതി മധുരം നൽകി. മധുരമൂറും പ്രഖ്യാപനങ്ങൾക്ക് രാജ്യം കാതോർക്കവെ ധനമന്ത്രിക്ക് ‘ദാഹി-ചിനി’യാണ് (മധുരമുള്ള തൈര്) രാഷ്‌ട്രപതി നൽകിയത്. ഇന്ത്യയിലെ പല വീടുകളിലും നടന്നുവരുന്ന ആചാരണമാണ് ദാഹി-ചിനി നൽകുകയെന്നത്. സുപ്രധാനമായ ഉത്തരവാദിത്വമോ ജോലിയോ നിറവേറ്റുമ്പോൾ ഭാഗ്യം തുണയ്‌ക്കുന്നതിനായി മുതിർന്നവർ ‘ദാഹി-ചിനി’ നൽകുന്നത് പരമ്പരാഗതമായി തുടർന്നുവരുന്ന രീതിയാണ്. പാർലമെന്റിലേക്ക് ബജറ്റ് അവതരിപ്പിക്കാൻ ധനമന്ത്രി ഇറങ്ങുന്നതിന് തൊട്ടുമുൻപ് ഒരു സ്പൂൺ ദാഹി-ചീനി ധനമന്ത്രിക്ക് ദ്രൗപദി മുർമു നൽകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
#WATCH | Finance Minister Nirmala Sitharaman meets President Droupadi Murmu at Rashtrapati Bhavan, ahead of the Budget presentation at 11am in Parliament.
(Source: DD News) pic.twitter.com/VdsKg5bSLG
— ANI (@ANI) July 23, 2024
നിലവിൽ ധനമന്ത്രി പാർലമെന്റിലെത്തി. 11 മണിക്കാണ് ബജറ്റ് അവതരണം. പേപ്പർരഹിത ബജറ്റായതിനാൽ തന്റെ ടാബ്ലെറ്റുമായാണ് ധനമന്ത്രി എത്തിയിരിക്കുന്നത്. പർപ്പിൾ നിറത്തിലുള്ള ബോർഡർ അടങ്ങുന്ന ഓഫ്-വൈറ്റ് സിൽക്ക് സാരിയാണ് ധനമന്ത്രിയുടെ ഇന്നത്തെ വേഷം. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റാണിത്.