ബിഹാറിന്റെ ദേശീയപാത വികസനത്തിനനായി 26,000 കോടി രൂപയുടെ പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. പട്ന-പൂനെ എക്സ്പ്രസ് വേ, ബുക്സാർ-ഭഗൽപൂർ എക്സ്പ്രസ് വേ, ബോധ്ഗയ-രാജ്ഗിർ-വൈശാലി- ദർഭംഗ എക്സ്പ്രസ് വേ, ബുക്സറിൽ ഗംഗാനദിക്ക് മുകളിലൂടെ ഇരട്ട ലൈൻ പാലം എന്നിവയ്‌ക്ക് 26,000 കോടി വകയിരുത്തിയതായും മന്ത്രി വ്യക്തമാക്കി. വിമാനത്താവളങ്ങൾ, മെഡിക്കൽ കോളേജുകൾ, സ്പോർട്സ് മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം എന്നിവയും നിർമിക്കും. വെള്ളപ്പൊക്ക പ്രതിരോധത്തിനായി 11,500 കോടി അനുവദിച്ചു.
ബിഹാർ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ വികസനത്തിനായി പൂർവോദയ എന്ന പേരിൽ പദ്ധതി പ്രഖ്യാപിച്ചു. അമൃത്സർ-കൊൽക്കത്ത വ്യവസായിക ഇടനാഴി യഥാർത്ഥ്യമാക്കുമെന്നും ബിഹാറിലെ ഗയയിലെ വ്യവസായത്തെ പിന്തുണയ്‌ക്കാൻ ഇടനാഴിക്ക് സാധിക്കുമെന്നും ധനമന്ത്രി പറഞ്ഞു. കിഴക്കൻ മേഖലയിലെ വികസനത്തിന് ഉത്തേജനമേകാൻ പദ്ധതികൾക്ക് സാധിക്കുമെന്നും നിർമലാ സീതാരാമൻ കൂട്ടിച്ചേർത്തു.
ഇന്ത്യയെ ആഗോള ടൂറിസം ഹബ്ബാക്കി മാറ്റാൻ കേന്ദ്രം ശ്രമങ്ങൾ നടത്തും. ഗയയിലെ വിഷ്ണുപഥ് ക്ഷേത്രത്തിലും ബോധ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലും കാശി വിശ്വനാഥ് ക്ഷേത്ര ഇടനാഴിയുടെ മാതൃകയിൽ ഇടനാഴി യാഥാർത്ഥ്യമാക്കും. രാജ്ഗിർ, നളന്ദയ്‌ക്കുമായി സമഗ്ര വികസന പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. നളന്ദയെ ആഗോള ടൂറിസം കേന്ദ്രമാക്കി മാറ്റുമെന്നും നളന്ദ സർവകലാശാല വികസിപ്പിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.















