ബെംഗളൂരു: അർജുനെ കണ്ടെത്തുന്നതിനായുള്ള രക്ഷാദൗത്യം നിർണായക ഘട്ടത്തിൽ. ഷിരൂരിൽ മണ്ണിടിച്ചിൽ ഉണ്ടായ സമയത്തെ നിർണായക സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത്. മണ്ണിടിച്ചിൽ ഉണ്ടായ സമയത്തെ സാറ്റലൈറ്റ് ദൃശ്യങ്ങൾ ഐഎസ്ആർഒ നാവികസേനക്ക് കൈമാറി. അർജുൻ ഓടിച്ചിരുന്ന ലോറി പാർക്ക് ചെയ്തിരുന്ന സ്ഥലത്തിന്റെ ദൃശ്യങ്ങളാണ് ലഭിച്ചിരുന്നത്.
ഐഎസ്ആർയിൽ നിന്ന് ലഭിച്ചിരിക്കുന്ന ചിത്രങ്ങൾ സ്‌പോട്ട് ചെയ്താണ് ഇപ്പോൾ രക്ഷാദൗത്യം പുരോഗമിക്കുന്നത്. ജില്ലാ ഭരണകൂടം, എൻഡിആർഎഫ്, എസ്ഡിആർഎഫ്, നാവികസേന, സൈന്യം എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ലോറി പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് നിന്നും 30 മീറ്റർ അകലെ പുഴയുടെ തീരത്ത് മണ്ണ് ഇടിഞ്ഞ് കിടക്കുന്ന ഭാഗത്താണ് തിരച്ചിൽ നടക്കുന്നത്. അർജുനെ കണ്ടെത്തുന്നതിനായുള്ള തിരച്ചിലിനായി എക്‌സ്‌കവേറ്ററുകൾ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
കനത്തമഴയാണ് രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നത്. അർജുനെ കണ്ടെത്താൻ ഇന്റലിജന്റ് ഒബ്ജക്ട് ഡിറ്റക്ഷൻ സിസ്റ്റം ഉപയോഗിക്കാനും ഭരണകൂടം ആലോചിക്കുന്നുണ്ട്. ഇതിനായി കരസേനയുടെ മേജർ ജനറലായിരുന്ന പാലക്കാട് സ്വദേശി എം ഇന്ദ്രബാലിന്റെ സഹായം കർണാടക സർക്കാർ തേടി. ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചാൽ ഈ ടെക്‌നോളജി ഉപയോഗിക്കുമെന്ന് എം ഇന്ദ്രബാൽ പറഞ്ഞതായാണ് വിവരം.