ബിസിസിഐ സെക്രട്ടറി ജയ് ഷായ്‌ക്കെതിരെ ആരോപണവുമായി പാകിസ്താൻ മുൻ താരം ബാസിത് അലി. ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യ പാകിസ്താനിലേക്ക് പോകില്ലെന്ന് എടുത്ത നിലപാടാണ് ബാസിത് അലിയെ ചൊടിപ്പിച്ചത്. ഭീകരവാദത്തിന് കുടപിടിക്കുന്നത് പാകിസ്താൻ നിർത്തിയാൽ മാത്രമേ ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കൂ എന്നാണ് ഇന്ത്യയുടെ നിലപാട്.
ബിസിസിഐയാണ് ഐസിസിയെ നിയന്ത്രിക്കുന്നതെന്നാണ് ബാസിത് അലിയുടെ ആരോപണം. മറ്റ് രാജ്യങ്ങൾ വെറും കളിപ്പാവകളാണെന്നും ജയ് ഷായുടെ ഉത്തരവുകൾ പിന്തുടരുകയാണ് അവരുടെ ഉത്തരവാദിത്തമെന്നും ബാസിത് അലി പറയുന്നു.
” അഞ്ചോ ആറോ രാജ്യങ്ങളുടെ ക്രിക്കറ്റ് ബോർഡുകൾക്ക് ജയ് ഷാ എടുക്കുന്ന തലയാട്ടി സമ്മതം മൂളുകയാണ് ജോലി. അതേസമയം പിസിബി ചെർമാൻ മൊഹ്സിൻ നഖ്വിക്ക് ചെറിയ ഇളവ് നൽകിയിട്ടുണ്ട്. ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം പാകിസ്താനും ഇന്ത്യയും തമ്മിൽ ഒരു പരമ്പര നടത്താമെന്ന് മറ്റ് ബോർഡുകൾ പറഞ്ഞിട്ടുണ്ട്. ഇന്ത്യയെ സമ്മതിപ്പിക്കുന്ന കാര്യവും അവർ ഏറ്റെടുത്തിട്ടുണ്ട്’. —അലി പറഞ്ഞു.
“ചാമ്പ്യൻസ് ട്രോഫിയുടെ ഫോർമാറ്റും വേദിയും ബിസിസിഐ തീരുമാനിക്കുന്നത് മറ്റ് ബോർഡുകൾ അംഗീകരിക്കും. കാരണം അവരുടെ താരങ്ങൾ ഐപിഎൽ കളിക്കുമ്പോൾ നല്ല പണം നൽകുന്നുണ്ടല്ലോ. അതിപ്പോ ഇംഗ്ലണ്ടോ,ന്യൂസിലൻഡോ, വിൻഡീസോ, ഓസ്ട്രേലിയയോ ആരായാലും’—-അലി ആരോപിച്ചു.