ന്യൂഡൽഹി: 2024 -25 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിൽ സംസ്‌ഥാനത്തിന്റെ ആവശ്യങ്ങൾ അഭിസംബോധന ചെയ്തതിന് കേന്ദ്രസർക്കാരോട് നന്ദി പറഞ്ഞ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. കേന്ദ്രത്തിൽ നിന്നുള്ള ഈ പിന്തുണ ആന്ധ്രാ പ്രദേശിന്റെ പുനർനിർമ്മാണത്തിന് ഏറെ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ആന്ധ്രയുടെ തലസ്‌ഥാനം, പോളവാരം, വ്യാവസായിക മേഖലകൾ, പിന്നോക്ക മേഖലകളുടെ വികസനം തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിജിക്കും ധനമന്ത്രി നിർമലാ സീതാരാമനും ആന്ധ്രയുടെ ജനങ്ങളുടെ പേരിൽ നന്ദി പറയുന്നു. കേന്ദ്രസർക്കാരിന്റെ പിന്തുണ ആന്ധ്രയുടെ പുനർനിർമ്മാണത്തിന് ഏറെ സഹായകമാകും. പുരോഗതിയിലൂന്നിയ ബജറ്റ് അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ” ടിഡിപി അധ്യക്ഷൻ എക്‌സിൽ കുറിച്ചു.
കേന്ദ്ര ബജറ്റിനെ അഭിനന്ദിച്ചുകൊണ്ട് സിവിൽ ഏവിയേഷൻ സഹമന്ത്രി കിഞ്ജരാപ്പു രാംമോഹൻ നായിഡുവും രംഗത്തെത്തി . കഴിഞ്ഞ അഞ്ച് വർഷമായി തലസ്‌ഥാനമില്ലാതിരുന്ന സംസ്‌ഥാനത്തിനു 15000 കോടിരൂപയുടെ പാക്കേജ് അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം നന്ദി അറിയിച്ചു.
തലസ്ഥാന നഗരത്തെ ചൊല്ലിയുള്ള പ്രതിസന്ധിയിൽ ഉഴലുന്ന ആന്ധ്രാപ്രദേശിന് ആശ്വാസകരമാകുന്ന പ്രഖ്യാപനമായിരുന്നു ഇത്തവണത്തെ ബജറ്റിലുണ്ടായിരുന്നത്. തലസ്ഥാന നഗരത്തിന്റെ വികസനത്തിനായി 15,000 കോടി രൂപയാണ് ആന്ധ്രാപ്രദേശിന് വേണ്ടി ധനമന്ത്രി പ്രഖ്യാപിച്ചത്.രാജ്യത്തെ ഭക്ഷ്യസുരക്ഷ സുഗമമാക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന ആന്ധ്രാപ്രദേശിലെ പോളവാരം ജലസേചന പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ ധനസഹായം നൽകുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.















