കോട്ടയം: ആറ്റിൽ കുളിക്കുന്നതിനിടെ മുങ്ങിത്താണ കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തച്ഛൻ മുങ്ങി മരിച്ചു. കോട്ടയം ഈരാറ്റുപേട്ടയിലാണ് സംഭവം. 62 വയസുള്ള വടക്കേതാഴത്ത് സലീമാണ് മരിച്ചത്. അരയത്തിനാൽ കോളനിക്ക് സമീപം മീനച്ചിലാറ്റിലെ കടവിൽ വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം.
നാലാം ക്ലാസുകാരൻ സുൽത്താൻ (9) സ്കൂൾ വിട്ട് വീട്ടിലെത്തിയ ശേഷമാണ് മുത്തച്ഛനോടൊപ്പം കടവിൽ കുളിക്കാൻ പോയത്. കുളിക്കുന്നതിനിടെ സുൽത്താൻ മുങ്ങിത്താഴുകയായിരുന്നു. ഇത് കണ്ട മുത്തച്ഛൻ സലീം കൊച്ചു മകനെ രക്ഷിക്കാൻ ശ്രമിക്കുകയും ഇതിനിടെ മുങ്ങി താഴുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാർ ഇരുവരെയും കരയ്‌ക്ക് എത്തിച്ചെങ്കിലും സലീം മരിച്ചു.