കന്യാകുമാരി; സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മരണാർത്ഥം കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിൽ പണി കഴിപ്പിച്ച ട്രിബ്യൂട്ട് വാൾ രാഷ്ട്രത്തിന് സമർപ്പിച്ച് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ 1,040
ധീര ദേശാഭിമാനികളുടെ പേരുകൾ ആലേഖനം ചെയ്താണ് ട്രിബ്യൂട്ട് വാൾ തയ്യാറാക്കിയിരിക്കുന്നത്.
മൊയ്ദീൻ കുട്ടിയും ഗ്രേസി ആരോണും കെ കേളപ്പനുമടക്കമുള്ള മലയാളികളും ട്രിബ്യൂട്ട് വാളിൽ ഇടം പിടിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തിൽ നിർണായക സംഭാവനകൾ നൽകിയിട്ടും ചരിത്രത്തിൽ വിസ്മരിക്കപ്പെട്ടവരുൾപ്പെടെ ട്രിബ്യൂട്ട് വാളിന്റെ ഭാഗമായിട്ടുണ്ട്. ഇവർ ഏത് സംസ്ഥാനങ്ങളിൽ നിന്നുളളവരാണെന്നും അവരുടെ ജീവിതചക്രവും ട്രിബ്യൂട്ട് വാളിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.

ചക്ര വിഷൻ ഇന്ത്യ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ട്രിബ്യൂട്ട് വാൾ നിർമിച്ചത്. മറന്നു പോയവരെ ഓർമ്മപ്പെടുത്തുകയാണ് ട്രിബ്യൂട്ട് വാളിന്റെ ലക്ഷ്യമെന്ന് ചക്ര വിഷൻ ഇന്ത്യ ഫൗണ്ടേഷൻ ചെയർമാൻ ചക്ര രാജശേഖർ പറഞ്ഞു.
ഐഎസ്ആർഒ മുൻ ചെയർമാൻ കെ ശിവൻ, ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ, വിവേകാനന്ദ കേന്ദ്രം അധ്യക്ഷൻ എ ബാലകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ച് സ്വാതന്ത്ര്യ സമരസേനാനികൾക്കുളള ആദരമായിട്ടാണ് ട്രിബ്യൂട്ട് വാൾ ഒരുക്കിയിരിക്കുന്നതെന്ന് കെ അണ്ണാമലൈ എക്‌സിൽ കുറിച്ചു. തമിഴ്‌നാട്ടിൽ ഇത്തരത്തിൽ ആദ്യ ട്രിബ്യൂട്ട് വാൾ ആണിതെന്നും അദ്ദേഹം പറഞ്ഞു.















