കൊൽക്കത്ത: ജനങ്ങൾക്ക് ഉപകാരപ്രദമായ പദ്ധതികളാണ് ബജറ്റിൽ കേന്ദ്രധമനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചതെന്ന് പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്. ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനം പശ്ചിമ ബംഗാളിന് അനുഗ്രഹമാണെന്നും നിരവധി പദ്ധതികൾ ബജറ്റിൽ വാഗ്ദാനം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
” പശ്ചിമ ബംഗാളിന് ഗുണപ്രദമായ ബജറ്റാണ് ഇന്ന് കേന്ദ്രധനമന്ത്രി നിർമല സീതരാമൻ അവതരിപ്പിച്ചത്. എല്ലാവർക്കും ഒരുപോലെ പ്രധാന്യം നൽകുന്ന ബജറ്റാണിത്. യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ വിവിധ പദ്ധതികളിലൂടെ ഒരുക്കുന്നുണ്ടെന്നും സിവി ആനന്ദബോസ് പറഞ്ഞു.
പദ്ധതികൾ നടപ്പിലാക്കുന്നതിനായി ബംഗാളിന് അനുവദിക്കുന്ന ഫണ്ട് ഫലപ്രദമായ രീതിയിൽ മമത സർക്കാർ വിനിയോഗിക്കണം. മറ്റ് അനധികൃത ആവശ്യങ്ങൾക്കായി ഫണ്ട് വകമാറ്റരുത്. ജനപക്ഷത്തെ മുൻ നിർത്തി അവതരിപ്പിച്ച ബജറ്റ് ജനങ്ങൾക്ക് വേണ്ടി പശ്ചിമ ബംഗാൾ സർക്കാർ പ്രാവർത്തികമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2047 ഓടെ വികസിത ഭാരതം എന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കുന്നതിന് ലക്ഷ്യം വച്ചു ള്ള ബജറ്റിൽ തൊഴിൽ, യുവശക്തി, നൈപുണ്യ വികസനം, ബഹിരാകാശ മേഖല, റെയിൽവേ, കർഷക ക്ഷേമം, പ്രതിരോധം തുടങ്ങി ഒട്ടനവധി മേഖലകൾക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്. വനിതാ ശാക്തീകരണ പദ്ധതികൾക്ക് 3 ലക്ഷം കോടിയാണ് മൂന്നാം മോദി സർക്കാർ നീക്കിവച്ചത്. കാർഷിക മേഖലകൾക്കും മറ്റ് അനുബന്ധ മേഖലകൾക്കുമായി 1.52 ലക്ഷം കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. ബഹിരാകാശ മേഖലയ്‌ക്കായി 1,000 കോടിയും ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.















