ചെന്നൈ: യുഎസിന് കമല ഹാരിസ് വൈസ് പ്രസിഡൻ്റാണെങ്കിൽ ഇന്ത്യക്ക് മകളാണ്. കമലയുടെ ഇന്ത്യൻ വേരുകൾ അത്രത്തോളമുണ്ട്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കമല ഹാരിസ് ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായേക്കുമെന്ന പ്രതീക്ഷകൾക്കിടെ കമലയുടെ മുത്തച്ഛന്റെ നാട് പ്രാർത്ഥനയിലും പ്രതീക്ഷയിലുമാണ്. പി.വി ഗോപാലന്റെ നാടായ തമിഴ്നാട്ടിലെ മന്നാർഗുഡി തുളസേന്ദ്രപുരം ഗ്രാമത്തിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തി. നവംബർ അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത് വരെ പ്രാർത്ഥനകൾ തുടരും.
പ്രദേശത്തെ ധർമശാസ്ത ക്ഷേത്രത്തിൽ പ്രത്യേക പൂജയും പ്രാർത്ഥനകളും നടന്നു. നേരത്തെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോഴും ഇവിടെ പ്രാർത്ഥനയും അന്നദാനവും നടത്തിയിരുന്നു. കമലയുടെ കുടുംബത്തിന്റെ കൂടി സഹായത്തോടെയാണ് ക്ഷേത്രം നിർമിച്ചത്. ചെന്നൈ നഗരത്തിൽ നിന്ന് 350 കിലോമീറ്റർ അകലെ, തിരുവാരൂർ ജില്ലയിലാണ് ഈ കൊച്ചുഗ്രാമം. രാവിലെ 9.30-നും 10-നുമിടയിലാണ് ഇവിടെ പ്രത്യേക പൂജയും പ്രാർത്ഥനയും നടത്തുന്നത്.
കലിഫോർണിയ അറ്റോർണി ജനറൽ സ്ഥാനത്തേക്കും സെനറ്റിലേക്കും മത്സരിച്ചപ്പോൾ കമലയുടെ ആഗ്രഹപ്രകാരം അമ്മ ശ്യാമളയുടെ ഇളയ സഹോദരി സരള ബസൻ്റ് നഗറിലെ വരസിദ്ധി വിനായക ക്ഷേത്രത്തിൽ 108 നാളികേരമുടച്ച് പ്രാർത്ഥന നടത്തിയിരുന്നു. 1998-ൽ ഗോപാലൻ മരിക്കുന്നത് വരെ അമ്മയ്‌ക്കൊപ്പം കമല ചെന്നൈ സന്ദർശിച്ചിരുന്നു. ശ്യമള മരിച്ചപ്പോൾ ചിതാഭസ്മം നിമജ്ജനം ചെയ്യാനുമെത്തിയിരുന്നു.















