ഷിരൂർ: ദേശീയപാത 66-ലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി തിരച്ചിൽ പുരോഗമിക്കുന്നതിനിടെ കേരളത്തിൽ നിന്നുള്ള മാദ്ധ്യമങ്ങൾക്ക് ഡ്രോൺ ഉപയോഗിക്കുന്നതിൽ നിന്നും വിലക്ക് കർണാടക പൊലീസ്. അതീവ സുരക്ഷാ മേഖലയായതിനാൽ പ്രദേശത്ത് ഡ്രോൺ ഉപയോഗിക്കരുതെന്നാണ് പൊലീസിന്റെ നിർദേശം. ഡ്രോൺ ഉപയോഗിച്ചാൽ കേസ് എടുക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അർജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം സർക്കാർ വൈകിച്ചതിന് പിന്നാലെ വൻ പ്രതിഷേധമാണ് നടക്കുന്നത്. ‘മണ്ണിനടിയിൽ ഉന്നതരൊന്നുമല്ലല്ലോ ഒരു ഡ്രൈവർ അല്ലേ’ എന്നായിരുന്നു കർണാടക പൊലീസിന്റെ വിശദീകരണം. രക്ഷാപ്രവർത്തനത്തിന്റെ സുവർണ മണിക്കൂറുകൾ നഷ്‍ടപ്പെടുത്തിയതാണ് ദൗത്യം ദുഷ്കരമാകാൻ കാരണമായത്.
രക്ഷാപ്രവർത്തനത്തിന് സന്നദ്ധത പ്രകടിപ്പിച്ചെത്തിയവരെയും പൊലീസ് തല്ലിയോടിച്ചു. ദുരന്തഭൂമിയിലെത്തിയ മലയാളി രക്ഷാപ്രവർത്തകൻ രഞ്ജിത് ഇസ്രായേലിനെ ഷിരൂരിലെത്തിച്ചതിന് പിന്നാലെ അർജുന്റെ ലോറിയുടമ മനാഫിനെ പൊലീസ് കയ്യേറ്റം ചെയ്തിരുന്നു. ഓരോ ദിവസവും രക്ഷാപ്രവർത്തനത്തിനായി എത്തുമ്പോൾ പൊലീസുമായി വാക്കേറ്റം പതിവാണെന്ന് രഞ്ജിത് ഇസ്രായേലും ആരോപിച്ചിരുന്നു.
എന്നാൽ രക്ഷാദൗത്യം തുടങ്ങാൻ വൈകിയില്ലെന്നാണ് കർണാടക സർക്കാർ ഹൈക്കോടതിയിൽ നൽകിയ വിശദീകരണം. വിദഗ്ധ പരിശോധകൾ നടത്തിയിരുന്നുവെന്നും ദ്രുതഗതിയിൽ രക്ഷാപ്രവർത്തനം നടത്തിയെന്നും സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
അർജുനായുള്ള രക്ഷാപ്രവർത്തനം ഒൻപതാം നാളിലേക്ക് നീങ്ങിയിരിക്കുകയാണ്. ഗംഗാവലിപ്പുഴയിൽ റഡാർ സിഗ്നൽ ലഭിച്ച അതേ സ്ഥലത്ത് നിന്ന് തന്നെ സോണാർ സിഗ്നലും ലഭിച്ചത് നിർണായകമാണ്. തിരച്ചിലിനായുള്ള ബൂം മണ്ണുമാന്തി യന്ത്രം അപകട സ്ഥലത്തെത്തി. 12 മണിയോടെ തിരച്ചിലാരംഭിക്കുമെന്ന് കാർവാർ എംഎൽഎ വ്യക്തമാക്കി.















