പാലക്കാട്: വടക്കഞ്ചേരി ദേശീയപാതയിൽ സിനിമാ സ്റ്റൈലിൽ ലോറി തടഞ്ഞ് ഉരുക്കളെ മോഷ്ടിച്ചു. കാറിലും ബൈക്കിലും ജീപ്പിലുമായി എത്തിയ സംഘമാണ് ലോറി തടഞ്ഞ് ഉരുക്കളെ കടത്തിയത്. 50 പോത്തുകളെയും 27 മൂരികളെയും ഇവർ കടത്തികൊണ്ടു പോവുകയായിരുന്നു.
സംഭവത്തിൽ രണ്ട് പേർ പിടിയിലായി. വടക്കഞ്ചേരി ചീരക്കുഴി സ്വദേശികളായ സജീർ, ഷമീർ എന്നിവരാണ് പിടിയിലായത്. ഇന്ന് പുലർച്ചയാണ് സംഭവം. ആന്ധ്രാപ്രദേശിൽ നിന്ന് ഉരുക്കളുമായി കോട്ടയത്തേക്ക് പോവുകയായിരുന്ന ലോറിയെ പിന്തുടർന്നെത്തിയ സംഘം വാഹനം തടയുകയായിരുന്നു.
തുടർന്ന് ലോറിയിലെ ഡ്രൈവറെയും മറ്റ് ജീവനക്കാരെയും കാറിലേക്കും ജീപ്പിലേക്കും മാറ്റിയശേഷം പോത്തുകളേയും മൂരികളേയും കിഴക്കഞ്ചേരിയിലെ രണ്ട് സ്ഥലങ്ങളിലേക്ക് മാറ്റി. പിന്നീട് ലോറി, ഡ്രൈവർക്ക് തന്നെ തിരികെ നൽകുകയായിരുന്നു. ലോറിക്കാരുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് രണ്ട് പ്രതികളെ പിടികൂടി. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കോട്ടയം സ്വദേശി ജോബിയുടേതാണ് ഉരുക്കൾ.















