സൗന്ദര്യത്തിന്റെ പേരിൽ നിരവധി കുറ്റപ്പെടുത്തലുകളും കളിയാക്കലുകളും നേരിട്ടിട്ടുണ്ടെന്ന് നടൻ ധനുഷ്. ആദ്യ സിനിമ അഭിനയിച്ചതിന് ശേഷം സിനിമയിൽ തുടരണ്ടെന്നാണ് താൻ കരുതിയതെന്നും നടൻ പറഞ്ഞു. ഇന്നും സിനിമയിൽ താൻ നിലനിൽക്കുന്നുണ്ടെങ്കിൽ അത് പ്രേക്ഷകരുടെ പിന്തുണയാണെന്നും താരം വ്യക്തമാക്കി. ധനുഷിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമായ രായന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു താരം.
‘മെലിഞ്ഞ് കാണാൻ ഭംഗി ഒന്നുമില്ലാതിരുന്ന എന്നിലെ സൗന്ദര്യത്തെ പ്രേക്ഷകർ തിരിച്ചറിഞ്ഞു. അവർക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന എന്റെ ആഗ്രഹമാണ് ‘രായൻ’ എന്ന സിനിമ. ഇത്രയും സിനിമകൾ ചെയ്യാൻ കഴിയുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതിയിരുന്നില്ല. ആദ്യ സിനിമ കഴിഞ്ഞതിന് ശേഷം എങ്ങോട്ടെങ്കിലും പോകാമെന്ന് കരുതിയ ഞാനാണ് ഇവിടെ നിൽക്കുന്നത്.
ആദ്യ സിനിമയിൽ അഭിനയിച്ചത് 2000-ൽ ആയിരുന്നു. 24 വർഷങ്ങൾക്കിടെ ഒരുപാട് കളിയാക്കലുകളും അപമാന വാക്കുകളും തെറ്റായ പ്രചരണങ്ങളും എല്ലാം നേരിട്ടിട്ടുണ്ട്. ഇതൊക്കെയും അതിജീവിച്ച് ഇന്നും ഇവിടെ നിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണം പ്രേക്ഷകരിൽ നിന്നുള്ള പിന്തുണയാണ്.
സിനിമയിൽ എത്തിയ സമയത്ത് ഞാൻ മെലിഞ്ഞതാണെന്നും കറുപ്പാണെന്നും കഴിവില്ലാത്തവനെന്നുമൊക്കെ പറഞ്ഞിരുന്നു. എന്നാൽ, ഇത്രയും നാളും എന്നിലെ സൗന്ദര്യത്തെ കണ്ടത് നിങ്ങളാണ്. ഇംഗ്ലീഷ് സംസാരിക്കാൻ പോലും അറിയാത്ത ഞാൻ ഹോളിവുഡിലെത്തി. രായൻ എന്ന എന്റെ പുതിയ സിനിമ നിങ്ങൾക്ക് വേണ്ടിയുള്ള സമർപ്പണമാണ്.’- ധനുഷ് പറഞ്ഞു.















