കൊച്ചി: കരുവന്നൂർ കള്ളപ്പണക്കേസിൽ സംഘത്തലവന് മാറ്റം. കേസിൽ രണ്ടാംഘട്ട അന്വേഷണത്തിന്റെ നേതൃത്വം വഹിച്ചിരുന്ന ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് കുമാറിനെ ഡൽഹിയിലെ ഇഡിയുടെ ഹെഡ് ഓഫീസിലേക്ക് മാറ്റി. നേരത്തെ നയതന്ത്ര സ്വർണക്കടത്ത് കേസ് അന്വേഷിച്ചിരുന്ന പി. രാധാകൃഷ്ണനാണ് ഇനി കരുവന്നൂർ കേസിന്റെ അന്വേഷണ മേൽനോട്ടം.
കൊച്ചി സോണൽ ഓഫീസിൽ അസിസ്റ്റൻ്റ് ഡയറക്ടറായിരിക്കെ ഡെപ്യൂട്ടി ഡയറക്ടറായി സ്ഥാനക്കയറ്റത്തോടെ ഇഡിയുടെ ചെന്നൈ ഓഫീസിലേക്ക് രാധാകൃഷ്ണന് സ്ഥലമാറ്റം ലഭിച്ചിരുന്നു. 2022 ഓഗസ്റ്റിലാണ് ചെന്നൈയിലേക്ക് മാറിയത്. ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണനെ ചെന്നെയിൽ നിന്ന് ഇനി കൊച്ചിയിലേക്ക് മാറ്റും.
ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള ഇഡി സംഘമായിരുന്നു. കരുവന്നൂരിന് പുറമെ മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കിനെതിരെ അന്വേഷണം നടക്കുന്ന കിഫ്ബി കേസ്, ഹൈറിച്ച്, പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പുകൾ എന്നിവയും അന്വേഷിച്ചത് പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലാണ്.
55 പ്രതികളുള്ള കരുവന്നൂർ കള്ളപ്പണക്കേസിൽ മുൻ മന്ത്രി എ.സി മൊയ്തീനടക്കം ചോദ്യം ചെയ്യലിന് വിധേയരായിരുന്നു. സിപിഎം നേതാവും കൗൺസിലറുമായ പി.ആർ അരവിന്ദാക്ഷൻ ഉൾപ്പെടെയുള്ളവർ കേസിൽ പ്രതികളാണ്. അന്വേഷണത്തിന്റെ ഭാഗമായി സിപിഎമ്മിന്റെ അക്കൗണ്ടുകൾ ഇഡി മരവിപ്പിക്കുകയും, സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തിരുന്നു. നയതന്ത്ര സ്വർണക്കടത്ത് കേസിൽ ഇഡി മൂന്ന് ഘട്ടങ്ങളിലായി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.