ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ സംസ്ഥാനങ്ങളെ അവഗണിച്ചെന്ന് ആരോപിച്ച് രാജ്യസഭയിൽ വോക്കൗട്ട് നടത്തി ഇൻഡി സഖ്യം. മറ്റ് വിഷയങ്ങൾ മാറ്റിവച്ച് ഇക്കാര്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് റൂൾ 267 പ്രകാരം നോട്ടീസ് നൽകിയെങ്കിലും രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകർ ഈ ആവശ്യം നിരസിക്കുകയായിരുന്നു.
ബജറ്റിൽ ബിഹാറിനും ആന്ധ്രയ്‌ക്കും മാത്രമാണ് പണം അനുവദിച്ചിട്ടുളളതെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് കൂടിയായ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. ബജറ്റ് കസേര രക്ഷിക്കൽ ഡോക്യുമെന്റാണെന്നും ഖാർഗെ വിമർശിച്ചു. ഇക്കാര്യത്തിൽ മറുപടി നൽകാൻ ധനമന്ത്രിയെ ചെയറിലുണ്ടായിരുന്ന ജഗ്ദീപ് ധൻകർ ക്ഷണിച്ചതോടെ ഖാർഗെയുടെ നേതൃത്വത്തിൽ പ്രതിപക്ഷം സഭ വിട്ടിറങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് ജഗ്ദീപ് ധൻകർ പ്രതിപക്ഷത്തെ വിമർശിച്ചത്.
പ്രതിപക്ഷം ഇപ്പോൾ ചെയ്തതുപോലെ രാഷ്‌ട്രീയനേട്ടത്തിനായി സഭാ നടപടികൾ തടസപ്പെടുത്തുകയും അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യുന്നത് ജനാധിപത്യത്തിന് തന്നെ ഭീഷണിയാണെന്ന് ധൻകർ ചൂണ്ടിക്കാട്ടി. സഭയിൽ സംസാരിക്കാൻ പ്രതിപക്ഷ നേതാവിന് അവസരം നൽകിയിട്ടും അവർ അതിനെ രാഷ്‌ട്രീയമായി ഉപയോഗിക്കാനാണ് തുനിഞ്ഞതെന്ന് ധൻകർ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവ് സഭാ ചട്ടങ്ങൾ പാലിക്കുമെന്നാണ് താൻ പ്രതീക്ഷിച്ചതെന്നും ധൻകർ പറഞ്ഞു. ഇത്തരം അസ്വീകാര്യമായ കീഴ് വഴക്കങ്ങളോട് യോജിക്കാനാകില്ലെന്നും ധൻകർ തുറന്നടിച്ചു















