ഷിരൂർ: പ്രതികൂല കാലാവസ്ഥയെ തുടർന്ന് അർജുന്റെ ട്രക്കിനടുത്തേക്കെത്താൻ സാധിക്കാതെ നാവികസേന കരയിൽ മടങ്ങിയെത്തി. അതിശക്തമായ കാറ്റും മഴയുമാണ് പ്രദേശത്തുള്ളത്. പെരുമഴയിൽ ഗംഗാവലി പുഴയുടെ ജലനിരപ്പ് ഉയർന്നതോടെയാണ് ട്രക്കിനടുത്തേക്ക് തിരിച്ച നാവികസേന പിൻവാങ്ങിയത്.
ഗംഗാവലി പുഴയിൽ ശക്തമായ അടിയൊഴുക്കാണ് നിലനിൽക്കുന്നത്. പ്രതികൂല കാലാവസ്ഥ കനത്ത വെല്ലുവിളിയാണുയർത്തുന്നത്. നിലവിൽ നദിയിലിറങ്ങാൻ ലോങ് ബൂം എസ്‌കവേറ്ററിന് ഇറങ്ങുന്നതിനായി നിരപ്പായ പ്രതലം ഒരുക്കുകയാണെന്നും ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ പറഞ്ഞു.
മൂന്ന് ബോട്ടുകളിലായി 18 അംഗ ഉദ്യോഗസ്ഥരായിരുന്നു ട്രക്കിന് സമീപത്തേക്ക് പോയത്. ഇവിടെയത്തിയ ശേഷം ട്രക്കുള്ള ഭാഗത്ത് മുങ്ങി പരിശോധന നടത്താനായിരുന്നു നാവികസേന ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഇതിനിടയിൽ കാലാവസ്ഥ പ്രതികൂലമാവുകയായിരുന്നു. ജലനിരപ്പ് ഉയർന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണെന്ന് അധികൃതർ പറഞ്ഞു.
അർജുനായുള്ള തെരച്ചിൽ 10-ാം ദിനത്തിലേക്ക് കടക്കുകയാണ്. കരയിൽ നിന്ന് മണ്ണ് നീക്കം ചെയ്ത് പരിശോധന നടത്തിയെങ്കിലും അർജുന്റെ ട്രക്ക് മണ്ണിനടിയിലില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ വെള്ളത്തിൽ സോണാർ എസ്‌കവേറ്റർ ഉപയോഗിച്ചുള്ള തെരച്ചിലിൽ ലോറി ലൊക്കേറ്റ് ചെയ്യുകയായിരുന്നു.















