ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ചുമതലയേറ്റ ഗൗതം ഗംഭീറും വിരാട് കോലിയും തമ്മിൽ ഡ്രസിംഗ് റൂമിൽ തമ്മിലടിയോ?. ഏതാനും ദിവസങ്ങളായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ക്രിക്കറ്റ് ലോകത്ത് സജീവമാണ്. എന്നാൽ കോലിയുമായി തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് ഗൗതം ഗംഭീർ തുറന്നു പറഞ്ഞിരുന്നു. ഗ്രൗണ്ടിൽ ഇരുവരും കൊമ്പുകോർത്ത സംഭവങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു ഇത്തരം വാർത്തകൾ പരന്നത്.
ഗംഭീറിന്റെ വാക്കുകളെ ശരിവെച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്‌റ. ഗ്രൗണ്ടിൽ ഇതുപോലെ കൊമ്പുകോർത്തിട്ടുളള താരങ്ങൾ ഗംഭീറും നെഹ്‌റയും മാത്രമല്ല. പക്ഷെ ഡ്രസിംഗ് റൂമിലെത്തിയാൽ അവർ മറ്റാരെയും പോലെ വീണ്ടും ഒരുമിക്കും.
ക്രിക്കറ്റിനോട് വളരെ അഭിനിവേശമുളള താരങ്ങളാണ് കോലിയും ഗംഭീറും. ഒരു ടീമിനെ പ്രതിനിധീകരിക്കുമ്പോൾ എതിർ ടീമിനെതിരെ താരങ്ങൾ തിരിയുന്നത് സ്വാഭാവികമാണ്. പക്ഷെ ഡ്രസിംഗ് റൂമിൽ എത്തുമ്പോൾ അവർ ടീമിന് വേണ്ടി ഒരുമിക്കും. ഒരുമിച്ചുള്ളപ്പോൾ ഒരു ടീമിന് വേണ്ടി മാത്രമാണ് നിലകൊള്ളുന്നത്. 16-17 വർഷം പരിചയസമ്പത്തുളള താരമാണ് വിരാട്. ഗംഭീറിനും ഏറെ അനുഭവസമ്പത്തുണ്ട്.
തുറന്ന മനസുളള സുതാര്യമായ വ്യക്തിത്വത്തിന് ഉടമയാണ് ഗംഭീർ. മനസിലുളളത് സംസാരിക്കുന്ന ആളാണ്. ഓരോരുത്തർക്കും പരിശീലനത്തിന് അവരുടേതായ ശൈലി ഉണ്ടായിരിക്കും. ക്യാപ്റ്റനും കളിക്കാരുമൊക്കെയായി യോജിച്ചു പോകുന്ന രീതി. ഇവരുടെ രണ്ട് പേരുടെയും കരിയറിൽ ഒരിക്കലും വലിയ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി തനിക്ക് തോന്നിയിട്ടില്ലെന്നും നെഹ്‌റ കൂട്ടിച്ചേർത്തു.