എറണാകുളം: ഗുണ്ടാ നേതാവ് ആകാശ് തില്ലങ്കേരി രൂപമാറ്റം വരുത്തി ഓടിച്ച വാഹനം നിരത്തിലിറക്കില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് എംവിഡി. ആകാശിന്റെ ജീപ്പ് ആക്രിയാക്കണമെന്നും എംവിഡി കോടതിയോട് ആവശ്യപ്പെട്ടു. മലപ്പുറം സ്വദേശി കെ. സുലൈമാന്റെ പേരിൽ രജിസ്റ്റർ ചെയ്ത വാഹനമാണ് ആകാശ് രൂപമാറ്റം വരുത്തിയ ശേഷം നിരത്തിലിറക്കിയത്.
വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കുമെന്നും വാഹനയുടമയ്‌ക്ക് 1.05 ലക്ഷം രൂപ പിഴ ചുമത്തിയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. രൂപമാറ്റം വരുത്തിയ വാഹനം ഓടിച്ച് പോകുന്ന ആകാശ് തില്ലങ്കേരിയുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയാ കേസെടുത്തത്.
വാഹനത്തിന്റെ വലിപ്പം കുറയ്‌ക്കുകയും 6 പേർക്ക് ഇരിക്കാവുന്ന സീറ്റുകൾ നീക്കം ചെയ്ത് മൂന്ന് സീറ്റുകളായി ചുരുക്കുകയും ചെയ്താണ് വാഹനത്തിന് രൂപമാറ്റം വരുത്തിയത്. മുമ്പും ആകാശ് ഓടിച്ച വാഹനത്തിന് പിഴ ചുമത്തിയിരുന്നു.















