ന്യൂഡൽഹി: ബജറ്റ് ചർച്ചയിൽ പ്രതിപക്ഷ നേതാക്കൾ രാഷ്‌ട്രീയം കളിക്കുകയാണെന്ന് കേന്ദ്ര പാർലമെൻ്ററികാര്യ മന്ത്രി കിരൺ റിജിജു. കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരമാൻ അവതരിപ്പിച്ച ബജറ്റിനെ എല്ലാം മേഖലയിലുള്ളവരും സ്വാഗതം ചെയ്തതാണ്. എന്നാൽ രണ്ട് സംസ്ഥാനങ്ങൾക്ക് മാത്രമുള്ള ബജറ്റാണെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം, കിരൺ റിജിജു വിമർശിച്ചു. ബജറ്റിൻ മേൽ ക്രിയാത്മകമായ ചർച്ച നടത്താൻ അദ്ദേഹം പ്രതിപക്ഷത്തോട് അഭ്യർത്ഥിച്ചു.
അടിസ്ഥാന സൗകര്യം, ആദായനികുതി ഇളവ്, കർഷകർക്ക് കൂടുതൽ സൗകര്യങ്ങൾ മുതൽ ആദിവാസികൾക്ക് പ്രത്യേക പാക്കേജ് ഉൾപ്പെടെ രാജ്യത്തിന്റെ വൈവിദ്ധ്യമാർന്ന ആവശ്യങ്ങൾ പരിഗണിച്ചാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. മുഴുവൻ കേന്ദ്ര ബജറ്റും ഒന്നോ രണ്ടോ സംസ്ഥാനങ്ങൾക്ക് എന്ന് പറയുന്നത് വാസ്തവവിരുദ്ധമാണ്. ബിഹാറിന് ബജറ്റിൽ എന്തെങ്കിലും നേട്ടമുണ്ടെങ്കിൽ, അതിൽ എന്താണ് പ്രശ്‌നമെന്നും പാർലമെൻ്റ് മന്ദിരത്തിന് പുറത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കവെ റിജിജു ചോദിച്ചു. പ്രതിപക്ഷ നേതാക്കൾ ജനവിധിയെ മാനിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആക്ഷേപകരമായ ഭാഷ ഉപയോഗിച്ചതായും റിജിജു ചൂണ്ടിക്കാട്ടി.
ബജറ്റിന്മേലുള്ള ചർച്ച വ്യാഴാഴ്ച ആരംഭിച്ചതോടെ പാർലമെൻ്റ് അംഗങ്ങൾ സഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കണമെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള അഭ്യർത്ഥിച്ചു. ചൊവ്വാഴ്ച അവതരിപ്പിച്ച ജമ്മു കശ്മീരിന്റെ 2024-25 ബജറ്റിന്റെ ചർച്ച ഇന്നും സഭയിൽ തുടരും.
ബജറ്റ് സമ്മേളനത്തിന്റെ മൂന്നാം ദിവസമായിരുന്ന ബുധനാഴ്ച പ്രതിപക്ഷം പാർലമെന്റിൽ ബഹളം വെക്കുകയും വാക്കൗട്ട് നടത്തുകയും ചെയ്തിരുന്നു. കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് കടുത്ത ഭാഷയിലാണ് മറുപടി നൽകിയത്.















