ടെൽ അവീവ്: മനസാക്ഷി മരവിക്കുന്ന കാഴ്ചയ്‌ക്കാണ് ഇന്നലെ ഇസ്രായേൽ സാക്ഷ്യം വഹിച്ചത്. ഒക്ടോബർ ഏഴിനുണ്ടായ മിസൈൽ ആക്രമണത്തിന് പിന്നാലെ ഹമാസ് ഭീകരർ ബന്ദികളാക്കിയ അഞ്ച് പേരുടെ മൃതദേഹങ്ങൾ സൈന്യം വീണ്ടെടുത്തു.
ബന്ദികളാക്കിയ മായ ഗോറന്റെയും സൈനികരായ റാവിദ് ആര്യേ കാറ്റ്‌സ്, ഒറെൻ ഗോൾഡിൻ, ടോമർ അഹിമാസ്, കിറിൽ ബ്രോഡ്‌സ്‌കി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തതെന്ന് സൈന്യം അറിയിച്ചു. ഗാസ മുനമ്പിന്റെ തെക്ക് ഭാഗത്തുള്ള നഗരമായ ഖാൻ യൂനിസിൽ നടത്തിയ ഓപ്പറേഷനിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മായ ഗോറനെ കൊലപ്പെടുത്തിയതാണെന്നും സൈനികർ ഹമാസുമായി ഏറ്റുമുട്ടുന്നതിനിടെ കൊല്ലപ്പെട്ടതാണെന്നും സൈന്യം വ്യക്തമാക്കി.
ഹമാസ് ഭീകരർ 3,000-ത്തിലേറെേ റോക്കറ്റുകളാണ് ഇസ്രായേലിലേക്ക് തൊടുത്തുവിട്ടത്. സൈനിക താവളങ്ങൾ ആക്രമിക്കുകയും നിരവധി പേരെ കൊലപ്പെടുത്തുകയും ചെയ്തു. സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി, പീഡിപ്പിച്ചുവെന്ന വാർത്തകളും പുറംലോകമറിഞ്ഞു. ഇതിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ഏകദേശം 1,197 പേരാണ് മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നാണ് കണക്ക്. ഇവരിലേറെ പേരും സാധാരണക്കാരായിരുന്നു. 251 പേരെ ബന്ധികളാക്കിയെന്നും ഇവരിൽ 111 പേരെ ഇനിയും വിട്ടുകിട്ടിയിട്ടില്ലെന്നും ഇസ്രായേൽ സൈന്യം പറഞ്ഞു. ഇവരിൽ 39 പേർ കൊല്ലപ്പെട്ടു. ഇസ്രായേലിന്റെ പ്രത്യാക്രമത്തിൽ ഗാസയിലും നിരവധി പേർ കൊല്ലപ്പെട്ടു.
Leave a Comment