ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി. ഓഗസ്റ്റ് 8 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. ഡൽഹി റോസ് അവന്യൂ കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
സിബിഐ അന്വേഷിക്കുന്ന മദ്യനയ അഴിമതിക്കേസിൽ തീഹാർ ജയിലിൽ കഴിയുന്ന കെജ്‌രിവാൾ വീഡിയോ കോൺഫറൻസിലൂടെയാണ് കോടതിയിൽ ഹാജരായത്. നിലവിലെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ പുതിയ ഉത്തരവ്.
അതേസമയം ജയിലിൽ നിന്ന് വീഡിയോ കോൺഫറൻസിങ്ങിലൂടെ തന്റെ അഭിഭാഷകരുമായി കൂടിക്കാഴ്ചകൾ നടത്താൻ അനുവദിക്കണമെന്ന കെജ്‌രിവാളിന്റെ ഹർജി ഡൽഹി ഹൈക്കോടതി വിധി പറയാനായി മാറ്റിവച്ചിരുന്നു. ജയിൽ അധികൃതരുടെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും അഭിഭാഷകർ ഹർജിയെ എതിർത്തിരുന്നു. ഇതേ ആവശ്യം ചൂണ്ടിക്കാട്ടി കെജ്‌രിവാൾ സമർപ്പിച്ച ഹർജി റോസ് അവന്യൂ കോടതിയും നേരത്തെ തള്ളിയിരുന്നു.















