ഓണം റിലീസായി പുറത്തിറങ്ങുന്ന ത്രീഡി ചിത്രം ബറോസിന്റെ അനിമേറ്റഡ് വീഡിയോ പങ്കുവച്ച് മോഹൻലാൽ. ഫെയ്സ്ബുക്കിലൂടെയാണ് മോഹൻലാൽ വീഡിയോ പങ്കുവച്ചത്. വ്യത്യസ്ത രീതിയിൽ ഒരുക്കിയിരിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. “Barroz & Voodoo” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ എത്തിയിരിക്കുന്നത്.
വീഡിയോയ്‌ക്ക് പോസിറ്റീവ് കമന്റുകളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. സുനിൽ നമ്പുവാണ് അനിമേറ്റഡ് വീഡിയോ സംവിധാനം ചെയ്തത്. ടികെ രാജീവ് കുമാറിന്റേതാണ് ആശയം. കൃഷ്ണദാസ് പങ്കിയുടെ വരികൾക്ക് രമേഷ് നാരായണാണ് സംഗീതം നൽകിയിരിക്കുന്നത്. ബറോസിലെ മോഹൻലാലിന്റെ കഥാപാത്രമായ ഭൂതത്തോട് സമാനമായാണ് അനിമേഷനിലെ കഥാപാത്രത്തെയും ഒരുക്കിയിരിക്കുന്നത്.
സെപ്റ്റംബർ 12-നാണ് ബറോസ് തിയേറ്ററുകളിലെത്തുന്നത്. വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് രസക്കാഴ്ചകൾ ഒരുക്കിയ താരം സംവിധായകന്റെ കുപ്പായമണിയുമ്പോൾ എങ്ങനെ ഉണ്ടാകുമെന്ന ആകാംക്ഷയിലാണ് മലയാളി പ്രേക്ഷകർ.