ന്യൂഡൽഹി: രാഷ്‌ട്രപതി ഭവനിലെ ഹാളുകൾ ഇനി പുതിയ പേരുകളിൽ അറിയപ്പെടും. രണ്ട് പ്രധാനപ്പെട്ട ഹാളുകളാണ് പുനർനാമകരണം ചെയ്തിരിക്കുന്നത്. ദർബാർ ഹാൾ ഇനി ഗണതന്ത്ര മണ്ഡപമെന്നും അശോക് ഹാൾ അശോക് മണ്ഡപമെന്നും അറിയപ്പെടും. രാഷ്‌ട്രപതി ദ്രൗപദി മുർമുവാണ് ഹാളുകളുടെ പുനർനാമകരണം സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.
പ്രസിഡന്റിന്റെ ഓഫീസും വസതിയുമായ രാഷ്‌ട്രപതി ഭവൻ രാഷ്‌ട്രത്തിന്റെ പ്രതീകവും ജനങ്ങളുടെ അമൂല്യമായ പൈതൃകവുമാണ്. രാഷ്‌ട്രപതി ഭവന്റെ അന്തരീക്ഷം ഇന്ത്യയുടെ സാംസ്കാരിക മൂല്യങ്ങളുടെയും ധാർമ്മികതയുടെയും പ്രതിഫലനമാക്കുന്നതിന്റെ ഭാഗമായാണ് ഹാളുകൾ പുനർനാമകരണം ചെയ്തതെന്ന് രാഷ്‌ട്രപതിയുടെ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ദേശീയ അവാർഡ് വിതരണം പോലുള്ള പ്രധാന ചടങ്ങുകളുടെയും ആഘോഷങ്ങളുടെയും വേദിയാണ് ദർബാർ ഹാൾ. ‘ദർബാർ’ എന്ന പദം ഇന്ത്യൻ ഭരണാധികാരികളുടെയും ബ്രിട്ടീഷുകാരുടെയും കോടതികളെയും അസംബ്ലികളെയുമാണ് സൂചിപ്പിക്കുന്നത്. ഇന്ത്യ റിപ്പബ്ലിക്ക് ആയതോടെ അതിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും പുരാതനകാലം മുതൽ ഇന്ത്യൻ സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ ‘ഗണതന്ത്ര’എന്ന പദമാണ് കൂടുതൽ അനുയോജ്യമെന്നും പ്രസ്താവനയിൽ പരാമർശിക്കുന്നു.
അശോക് ഹാൾ യഥാർത്ഥത്തിൽ ബാൾറൂമായിരുന്നു(നൃത്തപരിപാടികൾ അവതരിപ്പിക്കുന്ന ഇടം). ‘അശോക്’ എന്ന പദം എല്ലാ കഷ്ടപ്പാടുകളിൽ നിന്നും മുക്തനായ അല്ലെങ്കിൽ ഏതെങ്കിലും ദുഃഖത്തിൽ നിന്നും മുക്തനായ ഒരാളെയാണ് സൂചിപ്പിക്കുന്നത്. ഐക്യത്തിന്റെയും സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും പ്രതീകമായ അശോക രാജാവിനെയും ഈ പദം ഓർമിപ്പിക്കുന്നു. ഭാഷയിൽ ഏകീകരണം കൊണ്ടുവരുന്നതിനും ബ്രിട്ടീഷ് ഭരണത്തിന്റെ അടയാളങ്ങൾ തുടച്ചുനീക്കുന്നതിന്റെയും ഭാഗമായാണ് അശോക് ഹാൾ എന്നത് അശോക മണ്ഡപം ആക്കിയതെന്നും പ്രസ്താവനയിൽ പറയുന്നു.















