വിയന്റിയൻ: ആസിയാൻ യോഗത്തിൽ പങ്കെടുക്കുന്നതിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ലാവോസിലെത്തി. ദക്ഷിണ ഏഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ആസിയാൻ-മെക്കാനിസം യോഗങ്ങളിൽ പങ്കെടുക്കുന്നതിനാണ് ജയശങ്കർ എത്തിയത്. ലാവോസ് വിദേശകാര്യ മന്ത്രി സലെംക്‌സെ കൊമ്മാസിത്തിന്റെ ക്ഷണപ്രകാരമാണ് ജയശങ്കർ ആസിയാൻ യോഗത്തിൽ പങ്കെടുക്കാനെത്തിയത്.
ആസിയാൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ ശക്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ജയശങ്കർ എക്സിൽ കുറിച്ചു. ആസിയാൻ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായി നടക്കുന്ന യോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും. ചർച്ചകൾക്ക് ശേഷം 27-ന് ജയശങ്കർ ഇന്ത്യയിലേക്ക് മടങ്ങും.
ആസിയാൻ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും. രാജ്യങ്ങൾ തമ്മിലുള്ള സുരക്ഷ, പ്രതിരോധം, സാമ്പത്തികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളുടെ ബന്ധം ശക്തമാക്കുന്നതിന് വേണ്ടിയാണ് നേതാക്കളുടെ യോഗം.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 20-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിലും 18-ാമത് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്തോനേഷ്യയിലെത്തിയിരുന്നു.