ന്യൂഡൽഹി: നീറ്റ് യുജി ഫലം പുന:പ്രസീദ്ധീകരിച്ചു. ഫിസിക്‌സ് പരീക്ഷയിലെ തെറ്റായ ഉത്തരത്തിന് നൽകിയ മാർക്ക് കുറച്ചുള്ള പട്ടികയാണ് പ്രസിദ്ധീകരിച്ചത്. തെറ്റായ ഉത്തരത്തിന് നൽകിയ മാർക്ക് കുറച്ചു. ഇതിന്റെ ഫലമായി 4.2 ലക്ഷം വിദ്യാർത്ഥികളുടെ 5 മാർക്ക് വീതം കുറഞ്ഞു. സുപ്രീംകോടതിയുടെ നിർദേശ പ്രകാരമാണ് എൻടിഎ ഫലം പുനപ്രസിദ്ധീകരിച്ചത്. neet.ntaonline.in എന്ന വെബ്‌സൈറ്റിലൂടെ വിദ്യാർത്ഥികൾക്ക് ഫലമറിയാം.
ജൂൺ നാലിന് പ്രസിദ്ധീകരിച്ച ആദ്യ ഫലത്തിൽ 67 പേർ ഒന്നാം റാങ്ക് നേടിയിരുന്നു. എന്നാൽ പുതിയ ഫലത്തോടെ ഇവരുടെ എണ്ണം 17 ആയി ചുരുങ്ങും. ഒന്നാം റാങ്ക് കിട്ടിയ 44 പേരുടെ അഞ്ച് മാർക്കാവും നഷ്ടമാകുക. സമയം കിട്ടിയില്ല എന്ന കാരണത്താൽ 6 പേർക്ക് നൽകിയ ഗ്രേസ് മാർക്കും നേരത്തെ ഒഴിവാക്കിയിരുന്നു. പ്രവേശനത്തിനായുള്ള കൗൺസിംലിംഗ് തീയതിയും ഉടൻ പ്രസിദ്ധീകരിക്കും.
നീറ്റ് യുജി പരീക്ഷ റദ്ദാക്കില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഫലം പ്രസിദ്ധീകരിച്ചത്. വ്യാപകമായ ചോദ്യപേപ്പർ ചോർച്ചയുണ്ടായിട്ടില്ലെന്നും പരീക്ഷ റദ്ദാക്കിയാൽ 22 ലക്ഷം വിദ്യാർത്ഥികളെ ബാധിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
കോടതി വിധി സത്യത്തിന്റെ വിജയമാണെന്ന് കേന്ദ്ര വിദ്യാഭ്യാസസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഇന്നലെ പ്രതികരിച്ചിരുന്നു. ചോദ്യപേപ്പർ ചോർച്ചയുടെയും അഴിമതിയുടെയും തലതൊട്ടപ്പന്മാരാണ് കോൺഗ്രസ്. അവർക്ക് കേന്ദ്രസർക്കാരിനെയും സുപ്രീംകോടതിയെയും വിശ്വാസമില്ല. സുപ്രീംകോടതി ഉത്തരവ് വിദ്യാർത്ഥികളുടെ പരാജയമല്ലെന്നും കോൺഗ്രസിന്റെ നിരുത്തരവാദ പരമായ സമീപനത്തിന്റെ ഫലമാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.