പഞ്ചാബിലെ പഠാൻകോട്ടിൽ ജാഗ്രതാ നിർദ്ദേശവുമായി സുരക്ഷാ ഏജൻസികൾ. വീണ്ടും മറ്റൊരാക്രമണത്തിന് ലക്ഷ്യമിട്ട് ഏഴ് ഭീകരർ പ്രദേശത്ത് നുഴഞ്ഞു കയറിയെന്നാണ് സൂചന. പഠാൻകോട്ടിലെ ഫാങ്ടോലി ഗ്രാമത്തിലാണ് ഏഴ് ഭീകരുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇവരുടേതെന്ന് സംശയിക്കുന്ന ബൂട്ട് പാടുകളും പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ദൃക്സാക്ഷികളുടെ വിവരണത്തിന്റെ അടിസ്ഥാനത്തിൽ ഭീകരരിൽ ഒരാളുടെ രേഖാ ചിത്രം അധികൃതർ വരച്ചിട്ടുണ്ട്. ഇത്തരത്തിൽ ആരെയെങ്കിലും കണ്ടാൽ പൊതു ജനങ്ങൾ അധികൃതരെ അറിയിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സമീപത്തുള്ള വനത്തിൽ നിന്നെത്തിയ ചിലർ വീട്ടിലെത്തി വെള്ളം ചോദിച്ചുവെന്ന് പ്രദേശവാസിയായ സീമയാണ് വെളിപ്പടുത്തിയത്. വെള്ളം വാങ്ങിയ ശേഷം തന്നോട് തനിച്ചാണ് താമസിക്കുന്നതെന്ന് ചോദിച്ചു. ഇതിന് പിന്നാലെ ഇവർ കാട്ടിലേക്ക് കയറിയെന്നും അവർ വ്യക്തമാക്കി. സംശയം തോന്നിയതിന് പിന്നാലെയാണ് വിവരം ഇവർ പൊലീസിനെ അറിയിച്ചത്. ഗ്രാമം സൈനികരുടെ വലയത്തിനുള്ളിലാണ്. കാൽപ്പാട് പിന്തുടർന്ന് ഭീകരരുടെ ഒളിത്താവളം കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈന്യം.
2016 ജനുവരി രണ്ടിന് പശ്ചിമ എയർ കമാൻഡിന് കീഴിലുള്ള പഠാൻകോട്ട് എയർ ഫോഴ്സ് സ്റ്റേഷൻ ഒരു കൂട്ടം ഭീകരവാദികൾ ആക്രമിച്ചു. 8 സൈനികരാണ് വീരമൃത്യുവരിച്ചത്. നാല് ഭീകരവാദികളെ വകവരുത്തി. ഏകദേശം 17 മണിക്കൂർ പോരാട്ടം നീണ്ടു നിന്നു. യുണൈറ്റഡ് ജിഹാദ് കൗൺസിൽ എന്ന ഭീകര സംഘടനയായിരുന്നു ആക്രമണത്തിന് പിന്നിൽ.