പാരിസ് ഒളിമ്പിക്സ് അമ്പെയ്ത്തിൽ ഇന്ത്യൻ വനിതാ ടീമിന് പിന്നാലെ പുരുഷ ടീമും നേരിട്ട് ക്വാർട്ടറിലേക്ക് കടന്നു.റാങ്കിംഗ് റൗണ്ടിൽ 2,013 പോയിന്റോടെ ഇന്ത്യ മൂന്നാമതായാണ് ക്വാർട്ടറിലേക്ക് കടന്നത്. കൊറിയക്കാണ് ഒന്നാം സ്ഥാനം ഫ്രാൻസാണ് രണ്ടാമത്. ചൈന ഇന്ത്യക്ക് പിന്നിൽ നാലാമതായി ഫിനിഷ് ചെയ്തു.
ധീരജ് ബൊമ്മദേവരയുടെ പ്രകടനമാണ് ഇന്ത്യക്ക് ഗുണമായത്. താരം വ്യക്തിഗത വിഭാഗത്തിൽ 681 പോയിന്റുമായി നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മറ്റ് ടീമംഗങ്ങളായ തരുൺദീപ് റായ് 14-ാം സ്ഥാനവും പ്രവീൺ ജാദവ് 39-ാം സ്ഥാനവും നേടി. നേരത്തെ വനിതാ സംഘവും റാങ്കിംഗ് റൗണ്ടിൽ ക്വാർട്ടർ ഉറപ്പിച്ചിരുന്നു.
ഭജൻ കൗർ, ദീപിക കുമാരി, അങ്കിത ഭകത് എന്നിവരടങ്ങുന്ന ടീമാണ് റാങ്കിംഗ് റൗണ്ടിൽ 1983 പോയിൻ്റുമായി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. 2,046 പോയിൻ്റ് നേടിയ ദക്ഷിണ കൊറിയ ആണ് ഒന്നാം സ്ഥാനത്ത്. തൊട്ടുപിന്നാലെ യഥാക്രമം ചൈനയും(1,996), മെക്സിക്കോയും(1,986) ആണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 666 പോയിന്റുമായി വ്യക്തിഗത വിഭാഗത്തിൽ അങ്കിത 11-ാം സ്ഥാനം നേടി.