രഘുനാഥ് പലേരി തിരക്കഥ എഴുതി സിബി മലയിൽ സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ ചിത്രമാണ് ദേവദൂതൻ. മലയാളത്തിലെ ക്ലാസിക്കുകളിൽ ഒന്ന്. എന്നാൽ റിലീസ് ചെയ്ത കാലഘട്ടത്തിൽ സിനിമ തീയറ്ററുകളിൽ വിജയം നേടിയില്ല. എന്നാൽ കാലങ്ങൾക്കിപ്പുറവും സിനിമയ്‌ക്ക് ആരാധകർ ഏറെയാണ്. സിനിമയിലെ കഥാപാത്രങ്ങൾ ഓരോന്നും മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇന്നും തങ്ങിനിൽക്കുന്നു. ഇപ്പോൾ കൂടുതൽ ദൃശ്യമിഴിവോടെ റീ റിലീസിന് ഒരുങ്ങുകയാണ് ദേവദൂതൻ. വീണ്ടും ചിത്രം തിയേറ്ററിൽ എത്തുമ്പോൾ ആരാധകർ തിരയുന്നത് സിനിമയിലെ ഒരു മുഖമാണ്. മലയാളികൾക്ക് അത്ര സുപരിചിതമല്ലാത്ത ഒരു മുഖം. ദേവദനിൽ മാത്രം മലയാളികൾ കണ്ട ആ മുഖം.
സിനിമയിൽ ‘സ്നേഹ’ എന്ന കോളേജ് വിദ്യാർത്ഥിനിയുടെ വേഷം ചെയ്ത നായിക ആരാണെന്ന് തിരയുകയാണ് സിനിമാപ്രേമികൾ. ദേവദൂതനിൽ അല്ലാതെ മറ്റൊരു മലയാള സിനിമയിലും താരത്തെ കണ്ടിട്ടുമില്ല. അതിനാൽ തന്നെ മലയാളികൾക്ക് അത്ര സുപരിചിതമല്ല ആ മുഖം. ദേവദൂതനിൽ സ്നേഹയായി വേഷമിട്ട് മലയാളികളുടെ സ്നേഹം ഏറ്റുവാങ്ങിയ ആ താരം കന്നഡ നടി വിജയലക്ഷ്മിയാണ്.
പ്രധാനമായും കന്നഡ, തമിഴ് സിനിമകളിലാണ് വിജയലക്ഷ്മി തിളങ്ങി നിന്നത്. 1997-ൽ, തന്റെ ആദ്യ കന്നഡ ചിത്രമായ നാഗമണ്ഡല എന്ന ചിത്രത്തിലൂടെ തന്നെ കന്നഡയിലെ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് താരം സ്വന്തമാക്കിയിട്ടുണ്ട്. നാൽപ്പതോളം ചിത്രങ്ങളിൽ വിജയലക്ഷ്മി അഭിനയിച്ചു. അതിൽ 25 ഓളം കന്നഡ സിനിമകളാണ്. പൂന്തോട്ടം എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ അരങ്ങേറ്റം കുറിച്ചത്. വിജയ്, സൂര്യ എന്നിവർക്കൊപ്പം ഫ്രണ്ട്സ് എന്ന ചിത്രത്തിലും അഭിനയിച്ചു. ഇതിലെ പ്രകടനം പിന്നീട് നിരവധി തമിഴ് ചിത്രങ്ങളിൽ വിജയലക്ഷ്മിക്ക് അവസരം ഒരുക്കി.

നിലവിൽ അഭിനയം തുടരുന്ന താരം സീരിയൽ രംഗത്താണ് സജീവമായി നിൽക്കുന്നത്. തമിഴ് സീരിയലുകളിലാണ് കൂടുതലും അഭിനയിക്കുന്നത്. ചില തമിഴ് ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. റഡാൻ മീഡിയ വർക്ക്‌സ് നിർമ്മിച്ച ബംഗാരദ ബേട്ടെ എന്ന ഗെയിം ഷോയുടെ അവതാരക കൂടിയായിരുന്നു അവർ. 2024-ൽ പുറത്തിറങ്ങിയ തമിഴ് ഭാഷാ ഹൊറർ ക്രൈം ഡ്രാമ ടെലിവിഷൻ പരമ്പരയായ ‘ഇൻസ്പെക്ടർ റിഷി’യിലും വിജയലക്ഷ്മി അഭിനയിച്ചിരുന്നു.















