കാർഗിൽ: ഷിൻകുൻ ലാ തുരങ്ക പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ലഡാക്കിലെ കാർഗിലിൽ തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഗിൽ വിജയ് ദിവസിന്റെ 25-ാം വാർഷിക ദിനത്തിലാണ് പ്രധാനമന്ത്രി പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തത്.
4.1 കിലോ മീറ്റർ നീളമുള്ള ഇരട്ട തുരങ്കമാണ് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. നിമു,പദും,ദർച്ച റോഡുകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ഏകദേശം 15,800 അടി ഉയരത്തിൽ നിർമ്മിക്കുന്ന തുരങ്കം ലഡാക്കിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സഹായിക്കും. ഏതുകാലാവസ്ഥയിലും ലഡാക്കിൽ എത്തിച്ചേരാനുള്ള മാർഗം കൂടിയായി തുരങ്കം മാറും.
നിർമ്മാണം പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തുരങ്കം എന്ന ഖ്യാതിയും ഷിൻകുൻ ലാ തുരങ്കത്തിന് സ്വന്തമാകും. സായുധ സേനയുടെയും ഉപകരണങ്ങളുടെയും വേഗത്തിലുള്ളതും കാര്യക്ഷമവുമായ സഞ്ചാരം ഉറപ്പാക്കാനും ലഡാക്കിന്റെ സാമ്പത്തികവും സാമൂഹികവുമായ വികസനം പ്രോത്സാഹിപ്പിക്കാനും തുരങ്കം സഹായിക്കും.
ഏകദേശം 1,681 കോടി രൂപ ചെലവിൽ ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (BRO) ആണ് തുരങ്കം നിർമ്മിക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ കാബിനറ്റ് കമ്മിറ്റി പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു. രണ്ട് വർഷത്തിനുള്ളിൽ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.